PHOTO: PTI
ജാതി അടയാളങ്ങളുള്ള തെരുവുകളുടെ പേരുമാറ്റി തമിഴ്‌നാട്
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ 33 പഞ്ചായത്തുകളുടെ അധികാര പരിധിയിലുള്ള 80 തെരുവുകളുടെ പേരുമാറ്റാന്‍ തീരുമാനിച്ചു. ജാതിപ്പേരുള്‍ക്കൊള്ളുന്ന തെരുവുകളുടെ പേര് മാറ്റണം എന്ന് തൂത്തുക്കുടി ജില്ലാ കളക്ടര്‍ ഡോ കെ സെന്തില്‍രാജ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ജാതിപ്പേരുകള്‍ മാറ്റി തമിഴ് ചിന്തകരുടേയോ, സ്വാതന്ത്ര്യ സമര സേനാനികളുടേയോ, ശാസ്ത്രജ്ഞരുടെയോ പേരുകള്‍ നല്‍കണമെന്നാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
ജാതി അടയാളങ്ങള്‍ ഇല്ലാതാക്കണം
ജാതിപ്പേരില്‍ അറിയപ്പെടുന്ന സ്ഥലനാമങ്ങള്‍ പൗരന്മാരില്‍ ജാതീയമായ ചിന്ത വളര്‍ത്തുമെന്നും ഇത് വിവേചനങ്ങള്‍ക്കു കാരണമാകുമെന്നും കളക്ടര്‍ ഡോ കെ സെന്തില്‍രാജ് പറഞ്ഞു. തൂത്തുക്കുടി ജില്ലയിലെ 33 പഞ്ചായത്തുകള്‍ ചേര്‍ന്നാണ് നിലവില്‍ തെരുവുകളുടെ പേരുമാറ്റണം എന്ന പ്രമേയം പാസ്സാക്കിയത്. പ്രമേയം പാസാക്കിയതോടെ ഒമ്പത് തെരുവുകളുടെ പേരുകള്‍ മാറ്റുകയും പകരം പേരുകള്‍ നല്‍കുകയും ചെയ്തു. ഗസറ്റില്‍ മാറ്റം വരുത്തുന്നതിനായി പ്രമേയം സര്‍ക്കാരിനയക്കും. തെരുവുകളുടെ പേരുമാറ്റിക്കഴിഞ്ഞാല്‍ ആധാര്‍, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ രേഖകളില്‍ സ്വാഭാവികമായും തിരുത്തലുകള്‍ വരുത്തേണ്ടി വരും.
പുരോഗമനപരവും ക്രിയാത്മകവുമായ മാറ്റങ്ങള്‍ നമ്മളില്‍ നിന്നാണ് ആരംഭിക്കേണ്ടത്, ജില്ലയില്‍ ജാതി അടയാളങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മറ്റു ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വ്യാപിപ്പിക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.