TMJ
searchnav-menu
post-thumbnail

TMJ Daily

താനൂർ ബോട്ടപകടം; ബോട്ട് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

10 May 2023   |   5 min Read
TMJ News Desk

താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ അറസ്റ്റിൽ. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ താനൂരിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതോടെ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ബോട്ടപകടം നടന്നതിനു പിന്നാലെ ദിനേശൻ രക്ഷപ്പെട്ട് ഒളിവിൽ പോകുകയായിരുന്നു. മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകൻ വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാസറിനെ കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്ക് മാറ്റി. ഒളിവിൽ പോയ മറ്റൊരു ജീവനക്കാരനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.  

ദിനേശനെ ചോദ്യം ചെയ്യുന്നതിലൂടെ ബോട്ടപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, ബോട്ടിൽ എത്ര ആളുകൾ ഉണ്ടായിരുന്നു, അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചേക്കുമെന്നാണ് സൂചന. അപകടസ്ഥലത്ത് ബുധനാഴ്ചയും തിരച്ചിൽ തുടരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇതുവരെ ആരെയും കാണാതായ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, താനൂർ ബോട്ട് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അപകടം ഏറെ വേദനിപ്പിക്കുന്നതാണെന്നും വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുമ്പും കേരളത്തിൽ നിരവധി ബോട്ടപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അന്വേഷണ കമ്മീഷനുകളെയും നിയമിച്ചു. കമ്മീഷനുകൾ മുന്നോട്ടുവയ്ക്കുന്ന പല നിർദേശങ്ങളും പിന്നീട് മറക്കുകയാണെന്നും സംഭവത്തിൽ പോർട്ട് ഓഫീസർ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകളുണ്ട്. നിയമലംഘനങ്ങൾ എന്തുകൊണ്ട് ബന്ധപ്പെട്ടവർ അറിയുന്നില്ല? ഇനിയും ഇതു തുടരാൻ അനുവദിക്കില്ല. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്നും കോടതി നിർദേശം നൽകി. ഒരു ബോട്ട് ഓപ്പറേറ്റർ മാത്രം വിചാരിച്ചാൽ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തിൽ ഉൾപ്പെടെ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം കണ്ടെത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് താനൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മലപ്പുറം എസ്പി എസ് സജിത് ദാസ് മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ ഉണ്ട്.

അപകടത്തിനു കാരണം നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ ബോട്ട് സർവീസ് നടത്തിയതാണെന്നാണ് കണ്ടെത്തൽ. 21 പേരെ കയറ്റാൻ മാത്രം അനുമതിയുണ്ടായിരുന്നിടത്ത് 37 പേരോളം കയറിയതാണ് അപകടത്തിന് വഴിവച്ചത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. പുഴയുടെ കെട്ടുങ്ങൽ തീരത്തുനിന്ന് സർവീസ് തുടങ്ങിയ ബോട്ട് അഴിമുഖത്തിന് സമീപത്തുവച്ച് തിരിക്കുന്നതിനിടെയാണ് അപകടം. പൂരപ്പുഴ അറബിക്കടലിലേക്ക് ചേരുന്ന ഭാഗത്താണ് ഞായറാഴ്ച ഏഴരയോടെ അപകടം നടന്നത്. ഏഴു കുട്ടികൾ ഉൾപ്പെടെ 22 പേരുടെ ജീവനാണ് അപകടത്തിൽ ഇല്ലാതായത്.

അപകടത്തിൽപ്പെട്ട ബോട്ടിനു രജിസ്‌ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ രജിസ്‌ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ ഇതിനു ഒത്താശ ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

കേരളത്തിൽ തുടർക്കഥയാവുന്ന ബോട്ടപകടങ്ങൾ

റെഡീമർ ബോട്ടപകടം

1924 ജനുവരി 16 നാണ് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ മഹാകവി കുമാരനാശാൻ ഉൾപ്പെടെയുള്ള 24 പേർ മരിച്ച റെഡീമർ ബോട്ടപകടം നടന്നത്. 95 യാത്രക്കാരെ മാത്രം കയറ്റാൻ അനുമതിയുണ്ടായിരുന്ന ട്രാവൻകൂർ കൊച്ചിൻ മോട്ടോർ സർവീസിന്റെ റെഡീമർ എന്ന ബോട്ടിൽ അപകടം നടന്ന ദിവസം കയറ്റിയത് 145 യാത്രക്കാരെയാണ്. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് രാത്രി 10.30 നാണ് ബോട്ട് ആലപ്പുഴയ്ക്ക് പുറപ്പെട്ടത്. അർദ്ധരാത്രി കഴിഞ്ഞ്, കൊല്ലത്തു നിന്ന് മുപ്പത് മൈൽ ദൂരം പിന്നിട്ട് പല്ലനയിൽ എത്തിയപ്പോഴാണ് ബോട്ട് വെള്ളത്തിലേക്ക് താഴുന്നത്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മൂങ്ങിയതിന് ശേഷമാണ് ആളുകൾ സംഭവസ്ഥലത്ത് എത്തുന്നത്. അപകടം നടന്ന് പിറ്റേദിവസമാണ് കുമാരനാശാന്റെ മൃതദേഹം കണ്ടെത്തിയത്. നാലുദിവസത്തിന് ശേഷമാണ് ബോട്ട് പൂർണമായും വെള്ളത്തിൽ നിന്ന് ഉയർത്തിയത്.

ജനുവരി 31 ന് അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവിതാംകൂർ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് പി ചെറിയാൻ അദ്ധ്യക്ഷനായ കമ്മിറ്റിയെ രൂപീകരിച്ചു. ബ്രീട്ടീഷുകാരൻ കൂടിയായ പോലീസ് കമ്മീഷണർ ഡബ്ള്യൂ എച്ച് പിറ്റ്, ചീഫ് എഞ്ചിനീയർ കെവി നടേശ അയ്യർ, നിയമനിർമാണ കൗൺസിൽ അംഗങ്ങളും അഭിഭാഷകരുമായ എൻ കുമാരൻ, എൻആർ മാധവൻനായർ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. 21 തവണ സാക്ഷിവിസ്താരത്തിനായി സിറ്റിങ്ങ് നടത്തിയ കമ്മീഷൻ പലതവണ ദുരന്തസ്ഥലം സന്ദർശിച്ചു. ബോട്ടിന്റെ ഘടന പഠനവിധേയമാക്കി. 83 സാക്ഷികളിൽ 47 പേർ റെഡീമറിലെ യാത്രക്കാരായിരുന്നു. അഞ്ചുപേർ അതിലെ ജീവനക്കാരും. തെളിവ് ഹാജരാക്കാൻ നിർദേശിച്ചുകൊണ്ട് കമ്മീഷൻ അക്കാലത്ത് പത്രങ്ങളിൽ പരസ്യങ്ങൾ നൽകിയിരുന്നു. അമിത ഭാരമായിരുന്നു അപകടത്തിന് കാരണമായതെന്ന് കമ്മീഷൻ കണ്ടെത്തി. ബോട്ടിലെ തിരക്കിനെപ്പറ്റി യാത്രക്കാർ പലതവണ പരാതിപ്പെട്ടെങ്കിലും ബോട്ട് മാസ്റ്ററും ജീവനക്കാരും ഗൗനിച്ചതേയില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. യാത്രക്കാരുടെയും ചരക്കുകളുടെയും ഭാരം ബോട്ടിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു.

കരമന ബോട്ടപകടം

1971 ലാണ് തിരുവനന്തപുരത്ത് കരമനയാറ്റിൽ ബോട്ടപകടം ഉണ്ടാവുന്നത്. ഈ അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന 12 ൽ 11 പേരും മരണപ്പെട്ടു. പത്തു വയസ്സു പ്രായമുണ്ടായിരുന്ന മേബൽ എന്ന പെൺകുട്ടി മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. മേബൽ നീന്തി രക്ഷപ്പെടുകയായിരുന്നു. അപകടസ്ഥലം സന്ദർശിച്ച അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രി ടികെ ദിവാകരൻ മേബലിന് പ്രായപൂർത്തിയായതിനുശേഷം സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു, പിന്നീട് ടികെ ദിവാകരന്റെ മകൻ ബാബു ദിവാകരൻ മന്ത്രിയായിരിക്കുമ്പോൾ നടത്തിയ ഇടപെടലിനെ തുടർന്ന് താൽക്കാലികമായി മേബലിന് ജോലി ലഭിക്കുകയും പിന്നീട് ആ ജോലി നഷ്ടമാവുകയും ചെയ്തു. 2013 ലാണ് മേബലിന് സ്ഥിരനിയമനം ലഭിക്കുന്നത്.

കുമരകം ബോട്ടപകടം

കേരളത്തെ ഏറെ വേദനിപ്പിച്ച മറ്റൊരു ദുരന്തമായിരുന്നു കുമരകത്ത് 2002 ജൂലൈ 27 ന് നടന്നത്. വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം നടന്ന അപകടത്തിൽ 29 ജീവനുകളാണ് നഷ്ടപ്പെട്ടത്. മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് യാത്രക്കാരുമായി കുമരകത്തേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പാണ് അപകടം നടന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനെ ഏർപ്പെടുത്തുകയും കമ്മീഷൻ 2003 ഏപ്രിൽ 30 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ ജലഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായി പറയുന്നു. അപകടത്തിന് കാരണമായത് ബോട്ടുകൾക്ക് അറ്റകുറ്റപ്പണികളും സുരക്ഷാപരിശോധനകളും നടത്താത്തതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

തട്ടേക്കാട് ബോട്ട് ദുരന്തം

2007 ഫെബ്രുവരി 20 ന് നടന്ന തട്ടേക്കാട് ബോട്ടപകടത്തിൽ 18 യാത്രികരാണ് മരിച്ചത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്കുപോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നു. 37 പേരാണ് ബോട്ടിൽ യാത്ര ചെയ്തിരുന്നത്.

തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ചത് ജസ്റ്റിസ് പരീത്പിള്ള കമ്മീഷനാണ്. 214 പേജുകളുള്ള റിപ്പോർട്ടിൽ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണം എന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഉൾനാടൻ ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമനിർമാണം വേണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

1980 ൽ എറണാകുളം കണ്ണമാലി കായലിൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു. ഇതാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ടു ചെയ്ത ആദ്യത്തെ ജലദുരന്തം, പിന്നീട് 1983 ൽ വല്ലാർപ്പാടത്തും ബോട്ടപകടം ഉണ്ടായി. അതിൽ 18 പേർക്ക് ജീവൻ നഷ്ടമായി. 1990 ൽ കൊച്ചിയിലുണ്ടായ ബോട്ടപകടത്തിൽ അഞ്ചു പേർക്കും, 1997 ൽ ആലുവയിലുണ്ടായ അപകടത്തിൽ നാലു പേർക്കും ജീവൻ നഷ്ടപ്പെട്ടു.

തേക്കടി ബോട്ട് ദുരന്തം

46 യാത്രികർ മരിച്ച തേക്കടി ബോട്ടപകടം നടന്നത് 2009 സെപ്റ്റംബർ 30 നാണ്. തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം നാലുമണിയോടെ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുമ്പോഴാണ് അപകടം. 76 യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കരയിൽ കാട്ടാനയെ കണ്ട സഞ്ചാരികൾ ബോട്ടിന്റെ ഒരുവശത്തേക്ക് നീങ്ങുകയും ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകട കാരണം എന്ന് കരുതപ്പെടുന്നു.

തേക്കടി ദുരന്തകാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യൽ, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾക്കായിരുന്നു സർക്കാർ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി മൈതീൻ കുഞ്ഞിനെ ജുഡീഷ്യൽ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി പിഎ വൽസന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും നിയോഗിച്ചിരുന്നു. ജസ്റ്റിസ്. മൈതീൻകുഞ്ഞ് കമ്മീഷൻ 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടർ സാമുവൽ, ലസ്‌കർ അനീഷ്, ബോട്ട് ഡിസൈനർ ഡോ. അനന്തസുബ്രഹ്‌മണ്യം, മുൻ ചീഫ് ഇൻസ്പെക്ടർ ഓഫ് ബോട്ട്സ് എം. മാത്യൂസ്, ടൂറിസം വകുപ്പ് എം.ഡി മോഹൻലാൽ, ടൂറിസം ഡയറക്ടർ ശിവശങ്കരൻ, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കൽ എൻജിനീയർ മനോജ് മാത്യു, ബോട്ട് സൂപ്പർവൈസർ തേവൻ എന്നിവരെയാണ് കമ്മീഷൻ കുറ്റക്കാരായി കണ്ടെത്തിയത്.

ബോട്ട് നിർമിക്കാൻ ടെൻഡർ ക്ഷണിച്ചതു മുതൽ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ. കൂടാതെ പണിപൂർത്തിയാക്കി തേക്കടിയിലെത്തിച്ച ബോട്ടിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയെങ്കിലും, ബോട്ടിന്റെ മുകൾ നിലയിൽ ആളുകളെ പരിധിയിൽ കൂടുതൽ കയറ്റിയതും യാത്രക്കാർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഇടയാക്കിയതായും 235 പേജ് വരുന്ന കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി ബോട്ടപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. അപകടങ്ങൾ ആവർത്തിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ താനൂരിലും നടന്നത്. പ്രാഥമികമായ സുരക്ഷാസംവിധാനങ്ങളുടെ അഭാവം മുതൽ ലൈസൻസില്ലാത്ത ബോട്ടുകൾ ജലഗതാഗതത്തിന് ഉപയോഗിക്കുന്നതു പോലുള്ള നിയമലംഘനങ്ങളാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്.


#Daily
Leave a comment