
കലാപഭൂമിയായി ടാൻസാനിയ
ഈ ആഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് ടാൻസാനിയയിൽ വലിയ രീതിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട സ്ഥാനാർത്ഥികളെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തുകയും, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 700 പേർ കൊല്ലപ്പെട്ടതായി പ്രധാന പ്രതിപക്ഷമായ ചഡെമ പാർട്ടി ആരോപിച്ചു.
നിലവിലെ പ്രസിഡന്റായ സേമിയ സുലുഹു ഹസ്സൻ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പരക്കെ സൂചനകൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഘർഷം ഉണ്ടായത്. രാജ്യത്തെ 272 മണ്ഡലങ്ങളിൽ 120ലെയും ഫലങ്ങൾ പ്രകാരം സുലുഹു ഹസ്സൻ 97% വോട്ടുകളും നേടി മുന്നിലാണെന്ന് കാണിക്കുന്നു.
മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും 100 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ആംനെസ്റ്റി ഇന്റർനാഷ്ണലിന്റെ പ്രാദേശിക ഗവേഷകനായ റോളണ്ട് എബ്ബോൾ അഭിപ്രായപ്പെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.ആശുപത്രികളിലും ആരോഗ്യ ക്ലിനിക്കുകളിലും പോയി "മൃതദേഹങ്ങൾ എണ്ണി" പാർട്ടി അംഗങ്ങളുടെ ഒരു ശൃംഖലയാണ് ചഡെമയുടെ നമ്പറുകൾ ശേഖരിച്ചതെന്ന് ചഡെമ പാർട്ടിയുടെ ഔദ്യോഗിക വക്താവ് കിറ്റോക പറഞ്ഞു."ഞങ്ങളുടെ പ്രതിഷേധക്കാരെ കൊല്ലുന്നത് നിർത്തുക" എന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കാൻ ഒരു പരിവർത്തന സർക്കാരിന് ആഹ്വാനം ചെയ്തു. "പോലീസ് ക്രൂരത നിർത്തുക. "ജനങ്ങളുടെ താല്പര്യത്തെ ബഹുമാനിക്കുക അതാണ് തിരഞ്ഞെടുപ്പിലെ നീതി" എന്നും അദ്ദേഹം പറഞ്ഞു.


