
തീരുവ തീരുമാനം: കോര്‍പറേറ്റുകളോട് വിശദീകരിച്ച് ട്രംപ്
അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളുടെ സിഇഒമാര്‍ക്ക് മുന്നില്‍ തന്റെ താരിഫുകളെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവ വര്‍ദ്ധിക്കുമെന്നും ട്രംപ് പറഞ്ഞു. ബിസിനസ് റൗണ്ട്‌ടേബിള്‍ എന്ന പതിവ് യോഗത്തിലാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് 100 സിഇഒമാരുമായി സംവദിച്ചത്. ആപ്പിള്‍, ജെപിമോര്‍ഗന്‍ ചേസ്, വാള്‍മാര്‍ട്ട് അടക്കമുള്ള വമ്പന്‍മാരുടെ സിഇഒമാര്‍ യോഗത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച്ച ടെക്‌നോളജി കമ്പനി എക്‌സിക്യൂട്ടീവുകളുമായി ട്രംപ് വൈറ്റ്ഹൗസില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ട്രംപിന്റെ താരിഫ് ഭീതിയില്‍ അമേരിക്കയില്‍ ഓഹരി വിപണികളില്‍ കനത്ത വില്‍പ്പനയാണ് നടക്കുന്നത്. ചൊവ്വാഴ്ച്ച എസ് ആന്‍ഡ് പി 5.3 ശതമാനം ഇടിഞ്ഞു. താന്‍ മാന്ദ്യം കാണുന്നില്ലെന്ന് സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ട്രംപ് പറഞ്ഞു.
വട്ടമേശ യോഗത്തില്‍ ബിസിനസ് നേതൃത്വവുമായും മാധ്യമപ്രവര്‍ത്തകരുമായും സംസാരിക്കുന്നതിന് മുമ്പ് ട്രംപ് തന്റെ നിലപാടിനെ പ്രതിരോധിക്കുകയും വിപണിയിലെ രക്തച്ചൊരിച്ചിലിനെ തള്ളിക്കളയുകയും ചെയ്തു. ഇപ്പോള്‍ പണം നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാകുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
താരീഫുകള്‍ ഈ രാജ്യത്തിന് ധാരാളം പണം നല്‍കുമെന്നും അദ്ദേഹം സിഇഒകളോട് പറഞ്ഞു. താരീഫ് ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് സംസാരിക്കുമ്പോള്‍ എക്‌സിക്യൂട്ടീവുകള്‍ വികാരരഹിതരായി ഇരുന്നു. യോഗം നടക്കുന്ന മുറിയില്‍ തനിക്ക് ഇഷ്ടമില്ലാത്തവരും ഉണ്ടെന്ന് ട്രംപ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പുണ്ടായിരുന്നത് പോലെ വിപണികള്‍ വീണ്ടും ഉയര്‍ന്ന നിലയിലേക്ക് എത്തിയേക്കാമെന്ന് ട്രംപ് പറഞ്ഞു. പുതിയ തീരുവകളെച്ചൊല്ലി ചൈനീസ് പ്രസിഡന്റെ ഷി ജിന്‍പിങ് ആവേശഭരിതനല്ലെന്നും ട്രംപ് പറഞ്ഞു.