
തീരുവ: യുഎസ് ചര്‍ച്ചാ വാഗ്ദാനം ചൈന പരിഗണിക്കുന്നു
ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന യുഎസിന്റെ വാഗ്ദാനം ചൈന പരിഗണിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ മിക്ക രാജ്യങ്ങളുടേയും വിവിധ നിരക്കിലുള്ള തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവ 90 ദിവസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, ചൈനയുടെ മേലുള്ളത് മരവിപ്പിച്ചില്ല. കൂടാതെ, 145 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
മറ്റ് രാജ്യങ്ങള്‍ യുഎസുമായി വ്യാപാര കരാറുകള്‍ക്കായി ചര്‍ച്ചയ്ക്ക് സന്നദ്ധമായി. എന്നാല്‍, ചൈന അതിന് തയ്യാറാകാതെ യുഎസില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ 125 ശതമാനം നികുതി ചുമത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ തീരുവയുദ്ധം വ്യാപാര യുദ്ധമായി മാറി. ഇതേതുടര്‍ന്ന് ട്രംപ് വിവിധ മാര്‍ഗങ്ങളിലൂടെ ചര്‍ച്ചകള്‍ക്കായി ചൈനയെ സമീപിച്ചുവെന്ന് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൈനീസ് വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, ചര്‍ച്ചകള്‍ക്കായി ചൈനയുടെ വാതിലുകള്‍ തുറന്ന് കിടക്കുന്നതായും മന്ത്രാലയം പറഞ്ഞു.
തെറ്റായ നടപടികള്‍ തിരുത്താനും ഏകപക്ഷീയമായ തീരുവകള്‍ റദ്ദാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് തയ്യാറായിരിക്കണമെന്നും വാണിജ്യമന്ത്രാലയം പറഞ്ഞു. യുഎസ് ചര്‍ച്ചകളില്‍ സത്യസന്ധത പുലര്‍ത്തണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ചര്‍ച്ചകളെ ഭീഷണിപ്പെടുത്താനുള്ള മാര്‍ഗമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും പ്രസ്താവന മുന്നറിയിപ്പ് നല്കുന്നു.
തീരുവ ഭാരമൊഴിവാക്കാന്‍ ചര്‍ച്ചകള്‍ക്കായി യുഎസിനെ സമീപിക്കുന്നുവെന്ന വാര്‍ത്തകള്‍ ചൈന ആവര്‍ത്തിച്ച് തള്ളിയിരുന്നു. പകരം, യുഎസ് ആദ്യനീക്കം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.