
കശ്മീരിൽ ജ്വലിച്ച് തരിഗാമി
കശ്മീരിൽ വിജയമുറപ്പിച്ച് മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി. തുടച്ചയായി അഞ്ചാം തവണയാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽക്കെ തന്നെ വ്യക്തമായ ലീഡോടെയാണ് തരിഗാമി മുന്നേറിയിരുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ നാഷണൽ കോൺഫറൻസിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് തരിഗാമിയുടെ വിജയം.
സ്വതന്ത്ര സ്ഥാനാർത്ഥി സയർ അഹമ്മദ് റഷി, പിഡിപിയുടെ മുഹമ്മദ് അമിൻ ധർ എന്നിവരെ പിന്തള്ളിയാണ് തരിഗാമി വിജയമുറപ്പിച്ചത്. ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ചതോടെ സ്വതന്ത്രനായി തിരഞ്ഞെടുപ്പിനെ നേരിട്ട മുൻ ജമാ അത്തെ ഇസ്ലാമി നേതാവ് സയർ അഹമ്മദ് റഷിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1996ലാണ് ആദ്യമായി കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത് പിന്നീട് 2002, 2008, 2014 വർഷങ്ങളിൽ വിജയം ആവർത്തിക്കുകയായിരുന്നു. സയർ അഹമ്മദ് റെഷിയെ ബിജെപി രഹസ്യമായി പിന്തുണയ്ക്കുവെന്ന ആരോപണവും തരിഗാമി ഉന്നയിച്ചിരുന്നു.
കശ്മീരിലെ കർഷകമുന്നേറ്റങ്ങളുടെ നേതൃസ്ഥാനീയനാണ് തരിഗാമി. അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ച കാരണവും ഇത് തന്നെയാവാം. കർഷക സമരത്തിന്റെ ഭാഗമായതില്‍ പലപ്പോഴും ജയിൽവാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി പിൻവലിച്ച 2019ൽ തരിഗാമിയെ മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്ന് തരിഗാമിയെ സന്ദർശിക്കാൻ എത്തിയത് വലിയ വാർത്തയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേകപദവി പിൻവലിച്ചതുൾപ്പെടെയുള്ള പല സാഹചര്യങ്ങളിലും തരിഗാമി സ്വീകരിച്ച നിലപാട്, തരിഗാമിയ്ക്ക് ശക്തനായ പ്രതിപക്ഷ നേതാവെന്ന വിശേഷണവും നൽകുന്നു.