
നികുതി തട്ടിപ്പ്: യൂറോപ്പിലെ നെറ്റ്ഫ്ലിക്സ് ഓഫീസുകളിൽ റെയ്ഡ്
നികുതി തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പാരീസിലെയും ആംസ്റ്റർഡാമിലെയും നെറ്റ്ഫ്ലിക്സ് ഓഫീസുകളിൽ റെയ്ഡ്. ഫ്രഞ്ച്, ഡച്ച് അധികാരികളാണ് റെയ്ഡ് നടത്തിയത്. ഉയർന്ന തലത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ ഓഫീസാണ് (PNF) നെറ്റ്ഫ്ലിക്സിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
നവംബർ 2022ലാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സിന് എതിരെ അന്വേഷണം ആരംഭിക്കുന്നത്. റെയ്ഡ് സംബന്ധിച്ച് ഇത് വരെ നെറ്റ്ഫ്ലിക്സ് പ്രതികരിച്ചിട്ടില്ല. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലെ കമ്പനിയുടെ ആസ്ഥാനമാണ് ആംസ്റ്റർഡാം. 2019, 2020, 2021 വർഷങ്ങളിലെ കമ്പനിയുടെ നികുതി വിവരങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഫ്രാൻസിലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ക്ഷൻ വർദ്ധിച്ചുവെങ്കിലും നെറ്റ്ഫ്ലിക്സ് ഈ കണക്ക് നെതർലൻഡിലേക്ക് മാറ്റിക്കൊണ്ട് സബ്സ്ക്രിപ്ക്ഷനിൽ നിന്നുള്ള ലാഭം 47.1 മില്യൺ യൂറോയിൽ നിന്ന് 2021ൽ 1.2 ബില്യൺ യൂറോയായി വർദ്ധിപ്പിച്ചു. നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത് നിന്ന് 2021ന് ശേഷം നികുതി അടവിൽ കുറവ് വരുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അറിയാനുള്ള ശ്രമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. 10 വർഷങ്ങൾക്ക് മുമ്പാണ് നെറ്റ്ഫ്ലിക്സ് ഫ്രാൻസിൽ അതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. 2020 ല്‍ പാരീസിലും നെറ്റ്ഫ്ലിക്സ് പ്രവർത്തനം ആരംഭിച്ചു. നെറ്റ്ഫ്ലിക്സിന് രാജ്യത്ത് ഏകദേശം 10 മില്യൺ വരിക്കാറാണുള്ളത്.


