
PHOTO: WIKI COMMONS
പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി; കരട് നിയമം തള്ളി ശൂറാ കൗണ്‍സില്‍
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന ബഹ്റൈന്‍ പാര്‍ലമെന്റ് കരട് നിയമം ഉപരിസഭയായ ശൂറാ കൗണ്‍സില്‍ തള്ളി. വിദേശത്തേക്കുള്ള പണമയക്കലിന് രണ്ടു ശതമാനം നികുതിയെന്നായിരുന്നു കരട് നിയമം. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ തലങ്ങളെ ഇത്തരം നിയമം ദോഷകരമായി ബാധിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കള്ളപ്പണമിടപാട്, കരിഞ്ചന്ത എന്നിവയിലേക്ക് നയിക്കുമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി.
ജനുവരി മൂന്നിനാണ് പാര്‍ലമെന്റിന്റെ പ്രതിനിധി സഭയില്‍ സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് എംപിമാര്‍ ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍, സ്പീക്കര്‍ ഇത് ശൂറാ കൗണ്‍സിലിന്റെ പരിഗണനക്ക് വിടുകയായിരുന്നു.
രണ്ട് ശതമാനം നികുതി
ഓരോ തവണയും നാട്ടിലേക്ക് അയക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ശൂറാ കൗണ്‍സിലില്‍ ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ മാത്രമെ ബില്ല് നിയമമാവുകയൊള്ളു. 200 ബഹ്‌റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നായിരുന്നു എംപിമാരുടെ ശുപാര്‍ശ.