PHOTO: FACEBOOK
അധ്യാപകന്റെ കൈവെട്ടിയ കേസ്; ഒന്നാം പ്രതി 13 വര്‍ഷത്തിനുശേഷം പിടിയില്‍
തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) നെ ഇന്നലെ വൈകിട്ട് എന്‍ഐഎ മട്ടന്നൂരില്‍ നിന്ന് പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4 ന് പ്രതി സവാദ് ആലുവയില്‍ നിന്നും ബെംഗളൂരുവിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സി 13 വര്‍ഷം നടത്തിയ അന്വേഷണത്തില്‍ സവാദിനെ കണ്ടെത്താനായില്ല. 2011 മാര്‍ച്ചിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പാക്കിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറുപ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് 2023 ജൂലൈ 12 ന് എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട വിധിയാണ് കോടതി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിഞ്ഞതായി ജഡ്ജി അനില്‍ കെ ഭാസ്കര്‍ കണ്ടെത്തി. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൃത്യം എന്നാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍. കേസില്‍ ആദ്യഘട്ട വിചാരണ 2015 ലാണ് കോടതി പൂര്‍ത്തിയാക്കിയത്. 2015 ഏപ്രില്‍ 30 ന് വിധി പറഞ്ഞപ്പോള്‍ 31 പ്രതികളില്‍ 13 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ വിട്ടയക്കുകയും ചെയ്തു. പിന്നീട് പിടികൂടിയ 11 പേരുടെ ശിക്ഷാ വിധിയാണ് ജൂലൈ 12 ന് പറഞ്ഞത്.
മത നിന്ദ ആരോപണവും, അതിക്രമവും
2010 ജൂലൈ നാലിന് മൂവാറ്റുപുഴയിലെ വീടിനടുത്ത് വെച്ചാണ് ഫ്രൊഫസര്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മൂവാറ്റുപുഴയിലെ ഹോസ്റ്റല്‍ പടിയിലുള്ള വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുമ്പോഴാണ് ഏഴംഗ സംഘം കാറില്‍ നിന്നും വലിച്ചിറക്കി ജോസഫിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും വലത് കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തത്. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മലയാളം അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു മതതീവ്രവാദികളുടെ ക്രൂരത. അക്രമികള്‍ മഴു ഉപയോഗിച്ചാണ് കൈപ്പത്തി വെട്ടിമാറ്റിയത്.
തിരക്കഥയുടെ രീതിശാസ്ത്രം എന്ന പിഎം ബിനുകുമാര്‍ എഡിറ്റ് ചെയ്ത പുസ്തകത്തിലെ, പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തല്‍ എന്ന ലേഖനത്തിലെ ഒരു ഭാഗം ബികോം രണ്ടാം സെമസ്റ്റര്‍ ഇന്റേര്‍ണല്‍ പരീക്ഷയ്ക്ക് ചിഹ്നനത്തിന് ഉപയോഗിച്ചതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ റഫറന്‍സ് ഗ്രന്ഥമായി നിര്‍ദേശിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ഉപയോഗിച്ച് അധ്യാപകന്‍ മത നിന്ദ നടത്തി എന്ന ആരോപണത്തില്‍ വിവിധ മത സംഘടനകള്‍ പ്രതിഷധം നടത്തുകയും, വിഷയത്തില്‍ മതനിന്ദ ചുമത്തി പൊലീസ് സ്വമേധയ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജോസഫ് അക്രമത്തിന് ഇരയായത്. പിന്നീട് 2013 ല്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കി. കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തിന് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സാധിച്ചില്ല. കൈവെട്ടുകേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ പൊലീസ് പിടുകൂടുകയും, തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറുകയും ചെയ്തു. പ്രതികള്‍ക്കെതിരെ വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കേസിലെ 10 പ്രതികള്‍ക്ക് കൊച്ചി എന്‍ഐഎ കോടതി എട്ടുവര്‍ഷം കഠിന തടവും പിഴയും വിധിച്ചിരുന്നു.
വളരെ പരിതാപകരമായ അവസ്ഥയില്‍ കടുത്ത മാസസീക സംഘര്‍ഷം അനുഭവിച്ച, ടിജെ ജോസഫിന്റെ ഭാര്യ സലോമി 2014 ല്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്ന് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് 2014 മാര്‍ച്ച് 28 ന് ജോസഫിനെ കൊളേജ് മാനേജ്മെന്റ് ജോലിയില്‍ തിരിച്ചെടുക്കുകും മാര്‍ച്ച് 31 ന് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ എന്‍ഐഎ പ്രത്യേക കോടതി രണ്ടാംഘട്ട വിധി പുറപ്പെടുവിച്ചത്.