REPRESENTATIVE IMAGE: WIKI COMMONS
സ്ഥലംമാറ്റ നയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകര്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകരുടെ സ്ഥലംമാറ്റ നയം മാറ്റിയത് നാല് തവണയാണ്. സ്ഥലം മാറ്റം സംബന്ധിച്ച കേന്ദ്രത്തിന്റെ ഏറ്റവും പുതിയ നയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകര്‍.
പുതിയ സ്ഥലംമാറ്റ നയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അധ്യാപകര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡല്‍ഹിയിലെ കെവിഎസ് ആസ്ഥാനം നാല് തവണയാണ് ട്രാന്‍സ്ഫര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. 2018, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് നയം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയത്. തുടര്‍ച്ചയായി ട്രാന്‍സ്ഫര്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുന്നത് കൊണ്ട് തന്നെ അധ്യാപകര്‍ ബുദ്ധിമുട്ടുകയാണ്.
അധ്യാപക നിയമനത്തിലും അനിശ്ചിതത്വം
ഇന്ത്യയിലെ 1270 കെവി സ്‌കൂളുകളിലായി 45,000 അധ്യാപകരാണ് ഉള്ളത്. നിലവിലെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ മ്യൂച്വല്‍ ട്രാന്‍സ്ഫറിനുള്ള സാധ്യത എടുത്തുകളഞ്ഞിരിക്കുകയാണ്. അധ്യാപികമാര്‍ക്ക് 15 വര്‍ഷം ഒരു സ്ഥലത്ത് തുടരാം എന്നത് ഏഴ് വര്‍ഷം ആക്കി ചുരുക്കുകയും പങ്കാളികളായ ജീവനക്കാര്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ ട്രാന്‍സ്ഫറില്‍ ഇളവ് ലഭിക്കും എന്ന നയം മാറ്റി, പങ്കാളികള്‍ ഒരേ പ്രദേശത്ത് ജോലി ചെയ്യുന്നെങ്കില്‍ മാത്രമേ ഈ ഇളവ് ലഭ്യമാവുകയുള്ളു എന്നും വ്യവസ്ഥ ചെയ്തു. സാധാരണ നിലയില്‍ 5,000 മുതല്‍ 6,000 വരെ അധ്യാപകരെയാണ് സ്ഥലംമാറ്റുക. സ്ഥലം മാറ്റത്തിന് ഞങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഏകപക്ഷീയമായ ഈ നയത്തെ എതിര്‍ക്കുന്നു എന്നുമാണ് അധ്യാപകരുടെ നിലപാട്.
മാത്രമല്ല കഴിഞ്ഞ നാല് വര്‍ഷമായി പുതിയ അധ്യാപകരെ നിയമിച്ചിട്ടില്ല. 12,000 പേര്‍ പുതിയ അധ്യാപക പട്ടികയില്‍ ഉണ്ടെങ്കിലും നിയമനം ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 18 ന് പ്രതിഷേധം നടത്താനാണ് കെവിഎസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ നയത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് അധ്യാപകര്‍ പ്രതികരിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ 2023 മാര്‍ച്ച് മാസത്തോടെ പുറത്തുവന്നിരുന്നു. കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ് നടക്കുന്നതുകൊണ്ട് തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അധ്യാപക ക്ഷാമത്തില്‍ പരിഹാരം ഉണ്ടാവുകയില്ല. നിലവില്‍ 12,000 പേരടങ്ങുന്ന അധ്യാപക പട്ടിക നിലവിലുണ്ടെങ്കിലും നിയമനങ്ങള്‍ ഒന്നുംതന്നെ നടത്തിയിട്ടില്ല. കൂടാതെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായിട്ടുണ്ട്.