REPRESENTATIVE IMAGE: WIKI COMMONS
തെലങ്കാന ജനവിധി എഴുതുന്നു; ആത്മവിശ്വാസത്തോടെ മുന്നണികള്‍
തെലങ്കാന നിയമസഭയില്‍ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിആര്‍എസ് നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ദവ് പബ്ലിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അല്ലു അര്‍ജുന്‍, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍, എംഎം കീരവാണി തുടങ്ങിയവരും രാവിലെ തന്നെ സമ്മതിദാനം രേഖപ്പെടുത്തി.
106 മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. എന്നാല്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ 13 മണ്ഡലങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്നുകോടി 17 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഉള്‍പ്പെടെ 2,290 സ്ഥാനാര്‍ത്ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. സുരക്ഷയ്ക്കായി 45,000 പോലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്.
ത്രികോണ പോര്
വാശിയേറിയ ത്രികോണ മത്സരമാണ് തെലങ്കാനയില്‍ നടക്കുന്നത്. ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന തെലങ്കാനയില്‍ ബിജെപിയും പ്രചാരണരംഗത്ത് സജീവമായിരുന്നു. മൂന്നാമൂഴം ലക്ഷ്യമിടുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന വോട്ടെടുപ്പാണ് തെലങ്കാനയില്‍ നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഞായറാഴ്ചയാണ് തെലങ്കാനയിലും വോട്ടെണ്ണല്‍.
ആത്മവിശ്വാസം ചോരാതെ മുന്നണികള്‍
കര്‍ഷകര്‍ക്കുള്ള ധനസഹായമടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഭാവവുമാണ് ബിആര്‍എസ് ഉയര്‍ത്തിക്കാട്ടുന്നത്. രാഹുല്‍ ഗാന്ധിയടക്കം ദേശീയ നേതൃനിരയെ പൂര്‍ണമായി കളത്തിലിറക്കിയ കോണ്‍ഗ്രസ് കര്‍ണാടക മാതൃകയില്‍ ആറ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് വോട്ടുചോദിക്കുന്നത്. വികസന പദ്ധതികളിലെ പാകപ്പിഴവുകളും അഴിമതിയും ഉയര്‍ത്തിക്കാണിച്ച് കൂടുതല്‍ മികച്ച പദ്ധതികളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്ന ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ബിജെപിയും ശക്തമായ പ്രചാരണമാണ് കാഴ്ചവച്ചിട്ടുള്ളത്. തെലങ്കാനയില്‍ മുസ്ലിം സംവരണം എടുത്തുകളയുമെന്നും ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കിമാറ്റുമെന്നുമാണ് ബിജെപിയുടെ പ്രഖ്യാപനം.