
തെലങ്കാന ഫാർമ കമ്പനി സ്ഫോടനം: മരണം 42 ആയി
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാറമിലുള്ള സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ചൊവ്വാഴ്ച രാവിലെ മരണസംഖ്യ 12ൽ നിന്ന് 34 ആയി ഉയർന്നു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ അത് കൂടുതൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ.
ഇപ്പോഴും 27 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്), ഹൈദരാബാദ് ദുരന്ത നിവാരണ സംരക്ഷണ ഏജൻസി, സംസ്ഥാന അഗ്നിശമന സേന, പോലീസ് വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ രക്ഷപ്രവർത്തനങ്ങൾ തുടരുന്നു.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ഇപ്പോഴും ശ്രമം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. "അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങൾ. ഇന്ന് രാവിലെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഫാക്ടറിയിലെ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എംസിസി) ഡ്രൈയിംഗ് യൂണിറ്റിലാണ് സ്ഫോടനം ഉണ്ടായത്, ഇത് വൻ തീപിടുത്തത്തിന് കാരണമായി. സംഭവസമയത്ത് 100ലധികം തൊഴിലാളികൾ പരിസരത്തുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഏകദേശം 35 പേർക്ക് പരിക്കേറ്റു, കുറഞ്ഞത് 10 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ പലരും ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു.
സ്ഫോടനത്തിന്റെ തീവ്രത കാരണം നിരവധി പേർ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതോ ചിതറിപ്പോയതോ ആയതായി അധികൃതർ സ്ഥിരീകരിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആവശ്യമായി വന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ വൻ സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാമായിരുന്നു,
തിങ്കളാഴ്ച സ്ഥലം പരിശോധിച്ച തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ, ഫാക്ടറി നാല് പതിറ്റാണ്ട് പഴക്കമുള്ളതാണെന്നും പ്രധാനമായും ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസിന്റെ ഉത്പാദനത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.


