
തെലങ്കാന തുരങ്ക അപകടം; മൃതദേഹം കണ്ടെത്തിയത് കേരള പൊലീസിന്റെ നായകള്‍
തെലങ്കാനയിലെ ശ്രീശൈലം തുരങ്ക അപകട സ്ഥലത്തുനിന്നും ഒരു ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത് കേരള പൊലീസിന്റെ നായകള്‍. ഇത് അവശേഷിക്കുന്ന ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി മായയും മര്‍ഫിയും എന്ന് പേരുള്ള നായകള്‍ക്ക് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നു. ഫെബ്രുവരി 22നാണ് തുരങ്കം ഇടിഞ്ഞ് അപകടമുണ്ടായി എട്ട് ജീവനക്കാര്‍ മണ്ണിനടിയില്‍പ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തിയതിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയവരാണ് മായയും മര്‍ഫിയും. എട്ട് മൃതദേഹങ്ങളാണ് ഇവര്‍ വയനാട്ടില്‍ കണ്ടെത്തിയത്. 2022ലെ എലന്തൂര്‍ നരബലി കേസിലും മൃതദേഹം കണ്ടെത്തിയത് ഇവരാണ്. അടുത്തിടെ കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹ അവശിഷ്ടങ്ങളും ഇവര്‍ കണ്ടെത്തിയിരുന്നു.
മാര്‍ച്ച് ആറിനാണ് മനുഷ്യ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ള ഇരുവരേയും ശ്രീശൈലത്തില്‍ എത്തിച്ചത്. കൊച്ചിയില്‍ നിന്നും വ്യോമസേനയുടെ ഹെലിക്കോപ്റ്ററില്‍ സംഭവ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അഞ്ചരവയസ്സുള്ള ഇവര്‍ക്കൊപ്പം പരിശീലകരായ പ്രഭാത് പി, ജോര്‍ജ് മാനുവല്‍ എന്നീ പൊലീസുകാരും ഉണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തെലങ്കാന സര്‍ക്കാര്‍ കേരളത്തിന്റെ സഹായം തേടിയത്.
ഇപ്പോഴും രക്ഷാപ്രവര്‍ത്തനം അപകടകരമായ ഇടത്താണ് ഇവര്‍ തിരച്ചില്‍ നടത്തുന്നത്. അപകടാവസ്ഥ വിശകലനം ചെയ്തശേഷമാണ് നായകളെ തുരങ്കത്തിന് ഉള്ളിലേക്ക് ആദ്യം കൊണ്ടുപോയത്. ഒമ്പത് മീറ്റര്‍ ഉയരമുള്ള ടണലില്‍ എട്ട് മീറ്ററോളം അവശിഷ്ടങ്ങള്‍ കിടക്കുകയാണെന്ന് പ്രഭാത് പറഞ്ഞു.
ഈ അവശിഷ്ടങ്ങള്‍ കുഴിച്ചശേഷം ആദ്യം ഒരു നായയെ മണം പിടിക്കാന്‍ വിടും. ആദ്യത്തെ നായ സംശയം തോന്നുന്ന സ്ഥലം നോക്കി കുരയ്ക്കുന്ന ഇടത്ത് രണ്ടാമത്തെ നായയും കുരച്ചാല്‍ അവിടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടക്കുകയാണ് പതിവ്. ഇങ്ങനെ ഇരുവരും കുരച്ച് സിഗ്നല്‍ നല്‍കിയ ഒരിടത്തു നിന്നാണ് ഗുര്‍പ്രീത് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് ആണ് ടണല്‍ തുരക്കാനുള്ള യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്.
കുഴിക്കുന്ന ഭാഗത്തിന് ഒരു മീറ്ററിനുള്ളില്‍ മൃതദേഹം ഉണ്ടെങ്കില്‍ അവര്‍ അത് കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് പ്രഭാത് പറഞ്ഞു. അവരത് കണ്ടെത്തുകയും ചെയ്തു.
2020ല്‍ തൃശൂരില്‍ സ്ഥാപിച്ച സംസ്ഥാന ഡോഗ് ട്രെയിനിങ് സ്‌കൂളിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചത്. ആദ്യത്തെ മൂന്ന് മാസം അനുസരണ പഠിപ്പിക്കും. അടുത്ത മൂന്ന് മാസത്തേക്ക് മനുഷ്യശരീര ഭാഗങ്ങള്‍ മണക്കാനും കണ്ടെത്താനും പഠിപ്പിച്ചു. മൃതദേഹങ്ങള്‍ പരിശീലനത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നതിനാല്‍ നായകള്‍ക്ക് മനുഷ്യന്റെ മണം ലഭിക്കുന്നതിനായി പല്ലും രക്തവും ആണ് നല്‍കുന്നത്. ഇന്ത്യയിലെ ഏക കാഡവര്‍ ഡോഗ് യൂണിറ്റാണ് കേരളത്തിലേത്.