TMJ
searchnav-menu
post-thumbnail

TMJ Daily

തെലങ്കാന തുരങ്ക അപകടം: അവസാന ഭാഗം മറികടക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭീഷണി

26 Feb 2025   |   1 min Read
TMJ News Desk

തെലങ്കാന ശ്രീശൈലം തുരങ്ക അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ അവസാന 50 മീറ്റര്‍ മറികടന്ന് പോകാന്‍ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തകരുടേയും ജീവന് ഭീഷണിയാകുമെന്ന് സംയുക്ത രക്ഷാദൗത്യ സംഘത്തിന്റെ നിഗമനം. തുരങ്ക നിര്‍മ്മാണത്തിനുള്ള യന്ത്രത്തില്‍ നിന്നുമുള്ള 50 മീറ്റര്‍ ഭാഗത്തേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും കിടക്കുകയാണ്. മിനിട്ടില്‍ 3,000 മുതല്‍ 5,000 ലിറ്റര്‍ വരെ ജലം ഊറിയിറങ്ങുന്നതും ദൗത്യത്തെ ദുഷ്‌കരമാക്കുന്നു.

ശ്രീശൈലം ഇടതുകര കനാലില്‍ 14 കിലോമീറ്റര്‍ ഉള്ളിലായി തുരങ്കം തകര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിട്ട് അഞ്ച് ദിവസമായി.

അപകടം നടന്ന സ്ഥലത്തുണ്ടായ വിള്ളലുകളും എത്ര മാത്രം ജലം നിറഞ്ഞിട്ടുണ്ടെന്നും കണ്ടെത്താന്‍ സീസ്‌മോളജിക്കല്‍ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ദേശീയ റിമോട്ട് സെന്‍സിങ് സെന്റര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ അപകടം നടന്ന സ്ഥലത്തെ വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് തുടര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ഒമ്പത് സ്‌പെഷ്യലൈസ്ഡ് രക്ഷാ സംഘമാണ് ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫെബ്രുവരി 25നാണ് അപകടം നടന്നത്. 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

അതേസമയം, ചെളി കട്ടപിടിച്ചു തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ നായകളെ ഉപയോഗിക്കാന്‍ ജില്ലാ കളക്ടര്‍ ബി സന്തോഷ് നിര്‍ദ്ദേശിച്ചു.




 

#Daily
Leave a comment