TMJ
searchnav-menu
post-thumbnail

TMJ Daily

തെലങ്കാന തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

23 Feb 2025   |   1 min Read
TMJ News Desk

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന എഞ്ചിനീയര്‍മാരേയും തൊഴിലാളികളേയും രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പ്രോജക്ടിലാണ് ഇന്നലെ രാവിലെ 8.30 ഓടെ അപകടം ഉണ്ടായത്.

എട്ടുപേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ആറുപേര്‍ ജയപ്രകാശ് അസോസിയേറ്റ്‌സില്‍ നിന്നും രണ്ട് പേര്‍ ഒരു യുഎസ് കമ്പനിയില്‍ നിന്നുമുള്ള ജീവനക്കാരാണ്.

രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ അപകടം നടന്ന 13 കിലോമീറ്റര്‍ ഉള്ളില്‍ വരെ എത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവരുടെ പേരുകള്‍ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.

മന്ത്രിമാരായ എന്‍ ഉത്തരം കുമാര്‍ റെഡ്ഡിയും ജെ കൃഷ്ണ റാവുവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

തുരങ്കം ഇടിഞ്ഞ സ്ഥലത്തെ ഇരുമ്പും സിമന്റ് ബ്ലോക്കുകളും മറ്റും നീക്കം ചെയ്യാനുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഈ ഭാഗത്തെ സാഹചര്യം വിലയിരുത്തുകയാണ്.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം, കമ്പനിയുടെ ജീവനക്കാര്‍ എന്നിവരാണ് രക്ഷാദൗത്യവുമായി രംഗത്തുള്ളത്.

അടുത്തിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഇവിടെ ശനിയാഴ്ച്ച രാവിലെ ആദ്യ ഷിഫ്റ്റില്‍ 50 പേര്‍ ജോലിക്ക് എത്തിയിരുന്നു. കൂടെ തുരങ്കം തുരക്കാനുള്ള 200 മീറ്റര്‍ നീളമുള്ള യന്ത്രവും ഉണ്ടായിരുന്നു. അവര്‍ 13.5 കിലോമീറ്റര്‍ ഉള്ളില്‍ എത്തി. തുരങ്കത്തിന്റെ മേല്‍ഭാഗം പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. യന്ത്രവുമായി മുന്നേ പോയ എട്ടു പേരാണ് അപകടത്തില്‍പ്പെട്ടത്. 42 പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ശ്രീശൈലം പദ്ധതിയില്‍ നിന്നും നല്‍കോണ്ട ജില്ലയിലെ നാല് ലക്ഷം ഏക്കർ ഭൂമിയില്‍ ജലസേചനം നടത്താനുള്ള ജലം എത്തിക്കാനുള്ള  44 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്താണ് അപകടം. ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം ആണെന്ന് ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.


#Daily
Leave a comment