
തെലങ്കാന തുരങ്ക അപകടം: തെര്‍മോസ് കട്ടര്‍ എത്തിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി
തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലെ ശ്രീശൈലം ഇടതുകര കനാല്‍ ടണല്‍ തകര്‍ന്ന് കുടങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനം വീണ്ടും ഊര്‍ജ്ജിതമായി. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഇരുമ്പും ഉരുക്കും മുറിച്ചു മാറ്റുന്നതിനായി അത്യാധുനിക കട്ടറുകള്‍ ദക്ഷിണ മധ്യ റെയില്‍വേ അപകട സ്ഥലത്ത് എത്തിക്കുകയും ദേശീയ ജിയോഫിസിക്കല്‍ ഗവേഷണ ഇന്‍സറ്റിറ്റിയൂട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളി ആകുകയും ചെയ്തു.
ഇന്നലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, ഇന്ത്യന്‍ സൈന്യം എന്നിവയുടെ സംയുക്ത സംഘം തുരങ്കം ഇടിഞ്ഞ സ്ഥലത്ത് പരിശോധന നടത്തി സാഹചര്യം വിലയിരുത്തിയശേഷം അത്യാധുനിക യന്ത്രങ്ങള്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
റെയില്‍വേയുടെ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിങും സംഭവ സ്ഥലത്തെത്തി. എട്ട് മില്ലിമീറ്ററില്‍ കൂടുതല്‍ ഘനമുള്ള ലോഹങ്ങള്‍ മുറിക്കുന്നതിന് ഉചിതമായ അള്‍ട്രാ തെര്‍മോസ് കട്ടര്‍ ഇവര്‍ എത്തിച്ചു. ഇരുമ്പും ഉരുക്കും കെട്ടിമറിഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇത്തരമൊരു കട്ടര്‍ കൂടി ഇന്ന് വൈകുന്നേരത്തോടെ എത്തിക്കും.
ആദ്യം ബിആര്‍ഒ അധികൃതര്‍ നിര്‍ദ്ദേശിച്ചത് പോലെ പ്ലാസ്മ കട്ടറുകള്‍ തുരങ്കത്തിനുള്ളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും പിന്നീട് അത് ഒഴിവാക്കി. പ്ലാസ്മ കട്ടറുകള്‍ വളരെ ഭാരം കൂടിയതും ഉള്ളിലേക്ക് കൊണ്ടുപോകുന്നത് വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായതോടെ എന്‍ജിആര്‍ഐയുടെ സംഘം 10 മീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന 200 മെഗാ ഹെര്‍ട്‌സിന്റെ ഗ്രൗണ്ട് പ്രോബിങ് റഡാറില്‍ തുരങ്കത്തിനുള്ളില്‍ എത്തിച്ചു. മലമുകളില്‍ സമാനമായ റഡാര്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.
അടിഞ്ഞു കൂടിയ ചെളി തുരങ്കത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ജലം ഒഴിവാക്കുന്നത് ഏകദേശം പൂര്‍ത്തിയായി.