TMJ
searchnav-menu
post-thumbnail

TMJ Daily

ബില്ലുകളില്‍ അടയിരിക്കുന്ന ഗവര്‍ണ്ണര്‍: തെലങ്കാനയുടെ ഹര്‍ജി 20 ന് പരിഗണിക്കും

15 Mar 2023   |   2 min Read
TMJ News Desk

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത തെലങ്കാന ഗവര്‍ണ്ണറുടെ നിലപാടിനെതിരായ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഗവര്‍ണ്ണര്‍ തമിലിശൈ സൗന്ദരരാജന്‍ ബില്ലുകള്‍ പിടിച്ചു വെക്കുന്നത് ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുന്നതായി ആരോപിച്ചാണ് തെലങ്കാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സര്‍ക്കാരിന് വേണ്ടി ഹാജരായി.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം കേസ്സ് നിര്‍ണ്ണായകമാണ്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഗവര്‍ണ്ണര്‍ പല സംസ്ഥാനങ്ങളിലെയും ഭരണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാറുണ്ട്. അത്തരമൊന്നാണ് ബില്ല് പിടിച്ചുവെക്കല്‍. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണ്ണര്‍ അംഗീകരിച്ച് ഒപ്പുവച്ചാല്‍ മാത്രമേ നിയമം ആവുകയുള്ളൂ. എന്നാല്‍, അങ്ങനെയുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന രീതി 2014 മുതല്‍ വര്‍ദ്ധിച്ചു വരികയാണ് ചെയ്യുന്നത്. തെലങ്കാനയിലാകട്ടെ, ബജറ്റ് സമ്മേളനത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് അത് വളരുകയും ചെയ്തിരുന്നു.

ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ഗവര്‍ണ്ണറുടെ അംഗീകാരം ആവശ്യമാണ് എങ്കിലും, ബില്ലുകള്‍ അനന്ത കാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും സമാനമായ സ്ഥിതിവിശേഷം നേരിടുന്നുണ്ട്. കേരളത്തില്‍, ലോകായുക്ത നിയമ ഭേദഗതി, സര്‍വ്വകലാശാല നിയമ ഭേദഗതി എന്നിവയടക്കമുള്ള ബില്ലുകള്‍ക്കാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍ക്കാത്തത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണ്ണറെ നീക്കുന്നതാണ് സര്‍വ്വകലാശാല നിയമ ഭേദഗതി. ബില്ലുകളുടെ ഭാവി സംബന്ധിച്ച് ചില സംസ്ഥാനത്തെ മന്ത്രിമാര്‍ ഫെബ്രുവരി 23 ന് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തമിഴ് നാട്ടിലും, ബംഗാളിലും സമാനമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ അവിടത്തെ ഗവര്‍ണ്ണര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ടി എന്‍ രവിയാണ് തമിഴ് നാട് ഗവര്‍ണ്ണര്‍, സി വി ആനന്ദ ബോസ് പശ്ചിമ ബംഗാളിലും

തെലങ്കാനയില്‍ 11 ബില്ലുകള്‍ ഗവര്‍ണ്ണറുടെ ഒപ്പുകാത്ത് കിടക്കുന്നുണ്ടെന്നാണ് ഹര്‍ജി വ്യക്തമാക്കുന്നത്. ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതിന് മൂന്ന് വഴികളാണ് ഭരണഘടന ഗവര്‍ണ്ണര്‍ക്ക് നല്‍കുന്നത് - അംഗീകാരം നല്‍കുക, വിസമ്മതിച്ച് തിരിച്ചയയ്ക്കുക, പ്രസിഡന്റിന് കൈമാറുക. എന്നാല്‍ ഈ നടപടികള്‍ എത്രകാലത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ഭരണഘടന നിഷകര്‍ഷിക്കുന്നില്ല. തിരിച്ചയച്ച ബില്ല് ഒന്നുകൂടി നിയമസഭ പാസ്സാക്കിയാല്‍ ഗവര്‍ണ്ണര്‍ അത് അംഗീകരിച്ചേ മതിയാകൂ. ഗവര്‍ണ്ണറുടെ അധികാരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേസ്സിന്റെ ഭാഗമായി ഉയരാന്‍ സാധ്യതയുണ്ട്.

 

#Daily
Leave a comment