
“കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് പറയൂ”; ‘പലസ്തീനിയൻ പെലെ’യുടെ മരണത്തിൽ പ്രതികരണവുമായി മോ സാല
‘പലസ്തീനിയൻ പെലെ’ എന്നറിയപ്പെട്ടിരുന്ന സുലൈമാൻ അൽ-ഒബൈദിന്റെ മരണത്തിൽ പ്രതികരണവുമായി ലിവർപൂൾ ഫുട്ബോൾ ക്ലബ് ഫോർവേർഡായ ഈജിപ്ഷ്യൻ ഫുട്ബോളർ മുഹമ്മദ് സാല. യുവേഫ(യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) എക്സിൽ പങ്കുവച്ച അനുശോചന പോസ്റ്റിന് മറുപടിയായാണ് “അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പട്ടത്, എന്തുകൊണ്ട്, എവിടെ നിന്ന് എന്ന് പറയാമോ?” എന്ന് സാല എക്സിൽ കുറിച്ചത്. 41 വയസുകാരനായ അൽ-ഒബൈദ് തന്റെ കുടുംബത്തിനുള്ള സഹായങ്ങൾക്കായി കാത്ത് നിൽക്കവെ സാധാരണക്കാർക്ക് നേരെയുള്ള ഇസ്രായേലി ആക്രമണത്തിലാണ് ബുധനാഴ്ച ഗാസ സ്ട്രിപ്പിൽ വച്ച് കൊല്ലപ്പെട്ടതെന്ന് പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ(പിഎഫ്എ) പറഞ്ഞു.
മുൻ പലസ്തീനിയൻ നാഷണൽ ഫുട്ബോൾ ടീമംഗം സുലൈമാൻ അൽ-ഒബൈദിന്റെ മരണത്തിൽ ‘ഇരുണ്ട സമയത്തും ഒരുപാട് കുട്ടികൾക്ക് പ്രതീക്ഷ നൽകിയ കളിക്കാരൻ’ എന്നാണ് എക്സ് പോസ്റ്റിൽ യുവേഫ എഴുതിയത്. ഇതിനുള്ള മറുപടിയാണ് മോ സാല നൽകിയത്. മുമ്പും ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനായി മോ സാല ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേസമയം പിന്തുണയും, അതേസമയം ശബ്ദമുയർത്താൻ ഒരുപാട് വൈകിയെന്നും തരത്തിൽ വിമർശനവും സാലയ്ക്ക് നേരെ വരുന്നുണ്ട്. സാലയുടെ പ്രതികരണത്തിന് യുവേഫ ഇത് വരെ മറുപടി നൽകിയില്ല.
ഒക്ടോബർ 2023ന് ശേഷം പലസ്തീനിയൻ ഫുട്ബോൾ കമ്മ്യൂണിറ്റിയിലെ 325 കളിക്കാരും, കോച്ചുകളും, അഡ്മിനിസ്ട്രേറ്റർമാരും, റഫറിമാരും, ക്ലബ് ബോർഡ് മെമ്പർമാരും മരിച്ചുവെന്ന് പിഎഫ്എ പറഞ്ഞു.


