
താപനില 3.1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം മുന്നറിയിപ്പുമായി യുഎൻ
ഈ നൂറ്റാണ്ടില്‍ താപനില 3.1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന മുന്നറിയിപ്പ് നൽകി യുഎൻ. ഭൂമിയിൽ നിലവിൽ അനുഭവപ്പെടുന്ന താപനില 1.1 ഡിഗ്രി സെൽഷ്യസാണ്, പരിഗണനയിലുള്ള നയങ്ങളെല്ലാം നടപ്പിലാക്കി കഴിഞ്ഞാൽ ഈ നൂറ്റാണ്ടിൽ ലോകം 3.1 ഡിഗ്രി വരെ ചൂട് അനുഭവിക്കേണ്ടി വരുമെന്നാണ് ദി യുഎൻ എമിഷൻ ഗ്യാപ് റിപ്പോർട്ട് പറയുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇത് ലോകത്ത് ദുരന്തസാധ്യത വർദ്ധിപ്പിക്കും. ഉഷ്ണതരംഗവും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള തീവ്ര കാലാവസ്ഥ വെല്ലുവളികൾ നേരിടേണ്ടിവരും. താപനില അത്രയും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നത് പ്രയാസകരമായിരിക്കും. കോപ് 26 നായി രാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുചേർന്ന കഴിഞ്ഞ മൂന്ന് വർഷങ്ങളിലും താപനില വർദ്ധനവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അതേപടി നടന്നിട്ടുണ്ട്. ഇന്റർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് 2021ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും പറയുന്നത് ഏതാണ്ട് സമാനമായ താപനിലയാവും അനുഭവപ്പെടുക എന്നാണ്. കാർബൺ ഉദ്‌വമനം വർധിക്കുന്നതോടെ താപനില 31.6 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി രാജ്യങ്ങൾ നൽകിയ പദ്ധതികൾ പ്രാവർത്തികമാക്കിയാൽ പോലും താപനില 2.6 ഡിഗ്രി സെൽഷ്യസും 2.8 ഡിഗ്രി സെൽഷ്യസും വരെ ഉയർന്നേക്കാം. എല്ലാ രാജ്യങ്ങളും ഈ പദ്ധതികൾ പ്രാവർത്തികമാക്കുകയും നെറ്റ് സീറോ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്താൽ താപനില വർദ്ധനവ് 1.9 ഡിഗ്രി സെൽഷ്യസായി വരെ പരിമിതപ്പെടുത്താൻ കഴിയുമെന്നാണ് ദി എമിഷൻ ഗ്യാപ് റിപ്പോർട്ട് പറയുന്നത്.
താപനില 1.9 ഡിഗ്രി സെൽഷ്യസ് ഉയരുന്നത് പോലും വിനാശകരമായിരിക്കും. ഭൂമിയിൽ നിലവിൽ അനുഭവപ്പെടുന്ന താപനില 1.1 ഡിഗ്രി സെൽഷ്യസാണ്. ഇതിന്റെ പരിണിതഫലങ്ങൾ പലതലങ്ങളിൽ അനുഭവിക്കേണ്ടിയും വരുന്നുണ്ട്. അന്തരീക്ഷതാപനിലയിൽ കുറവൊന്നും വന്നിട്ടില്ലെന്നത് യുഎന്നിനെ ആശങ്കയിലാക്കുന്നുണ്ട്. കോപ് 27, കോപ് 28 എന്നിവയിലേക്കും രാജ്യങ്ങൾ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവ പാലിക്കാനുള്ള ശ്രമങ്ങളൊന്നും രാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
പാരീസ് എഗ്രിമെന്റിന്റെ ലക്ഷ്യം അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുക എന്നതാണെന്നിരിക്കെ താപനില 1.5 ഡിഗ്രി സെൽഷ്യസിന് കീഴിൽ നിലനിർത്തുക പ്രയാസകരമാണ്. അടുത്ത വർഷത്തോടെ രാജ്യങ്ങൾ പുതിയ കാർബൺ കുറയ്ക്കൽ പദ്ധതി രൂപീകരിക്കും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുകയും ചെയ്യും. അതോടെ കാർബൺ ഉദ്വമനത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആയി ഉയരാമെന്നും റിപ്പോർട്ട് പറയുന്നു.