
അയിത്തം ആചരിക്കുന്ന ക്ഷേത്രങ്ങളെ ബഹിഷ്‌കരിക്കണം: സ്വാമി സച്ചിദാനന്ദ
ജാതി ചിന്തയും അയിത്താചാരവും പുലര്‍ത്തുന്ന ക്ഷേത്രങ്ങളെ ബഹിഷ്‌കരിക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ തയ്യാറാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് നിയമിച്ച പിന്നാക്ക വിഭാഗക്കാരെ തന്ത്രിമാര്‍ തല്‍സ്ഥാനത്തുനിന്നും മാറ്റി ശുദ്ധിക്രിയ നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളില്‍ പൂജയ്ക്കും സംഭാവനയായും ലഭിക്കുന്ന തുകയില്‍ വലിയൊരു പങ്കും അധസ്ഥിത പിന്നാക്ക വിഭാഗങ്ങളുടേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്ഷേത്ര നിയമനങ്ങളില്‍ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി മാനിക്കാത്ത ആളുകളെ സര്‍ക്കാര്‍ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റിനിര്‍ത്തുന്നത് എവിടെ നടന്നാലും തെറ്റാണെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തിയത് ദേവസ്വം ബോര്‍ഡ് ആണെന്നും അതില്‍ തന്ത്രിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും എംപി പറഞ്ഞു.
കഴകത്തില്‍ ജോലി ചെയ്യാനാണ് പത്തുമാസത്തേക്ക് ഒരാളെ നിയമിച്ചതെന്നും അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


