REPRESENTATIVE IMAGE: PTI
ഗാസയില്‍ താല്കാലിക വെടിനിര്‍ത്തല്‍; 13 ബന്ദികളെ വിട്ടയയ്ക്കും
ഒന്നരമാസമായി ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനൊടുവില്‍ ഗാസയില്‍ താല്കാലിക വെടിനിര്‍ത്തലിന് ധാരണയായി. പശ്ചിമേഷ്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഏഴു മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ബന്ദികളുടെ ആദ്യസംഘത്തെ ഇന്ന് വൈകിട്ട് നാലുമണിയോടെ ഹമാസ് മോചിപ്പിക്കും. ഇതോടെ ഇസ്രയേലും തങ്ങളുടെ പക്കലുള്ള പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും.
നാലുദിവസത്തേക്കാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ സമയപരിധി കഴിഞ്ഞാലുടന്‍ വീണ്ടും ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 13 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നതെന്നും ഇവരുടെ വിവരങ്ങള്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ഹമാസ് കൈമാറിയതായും ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ ഇടപെടലോടെയാണ് ഗാസയില്‍ താല്കാലിക യുദ്ധവിരാമം ഉണ്ടായിരിക്കുന്നത്. വെടിനിര്‍ത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും നാല് ഇന്ധന ട്രക്കുകളും പ്രതിദിനം ഗാസയിലെത്തും.
പ്രത്യാശയുടെ നുറുങ്ങുവെട്ടം
ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിനെ 'പ്രത്യാശയുടെ നുറുങ്ങുവെട്ടം' എന്നു വിളിച്ചുകൊണ്ടായിരുന്നു ദോഹയില്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഖത്തറിന്റെ നേതൃത്വത്തില്‍ ഈജിപ്തും അമേരിക്കയും സഹകരിച്ചാണ് താല്കാലിക വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കിയത്. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടാമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ നീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.
അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ സന്നദ്ധ സംഘടനകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുരാജ്യങ്ങളും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്ന് മധ്യസ്ഥശ്രമം നടത്തിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിനിര്‍ത്തലിന് മുമ്പും ആക്രമണം
വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പും ഗാസയിലുടനീളം ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച് 48 ദിവസമായി തുടര്‍ന്നുവന്ന ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 15,000 ആയി. ഇതില്‍ 6,150 പേര്‍ കുട്ടികളും നാലായിരം പേര്‍ സ്ത്രീകളുമാണ്. പരുക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി ഹമാസ് താവളമായി പ്രവര്‍ത്തിച്ചതിനു തെളിവുകള്‍ ലഭിച്ചെന്നു പറഞ്ഞ ഇസ്രയേല്‍ സൈന്യം ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയയെയും ഏതാനും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ സെക്യൂരിറ്റി അതോറിറ്റിക്കു കൈമാറിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.