ഗാസയിലെ താല്‍കാലിക വെടിനിര്‍ത്തല്‍; ബദല്‍പ്രമേയം നിര്‍ദേശിച്ച് യു.എസ്
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിക്കു മുമ്പാകെ ബദല്‍പ്രമേയം നിര്‍ദേശിച്ച് യു.എസ്. അള്‍ജീരിയ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യു.എസ് നീക്കം. റഫക്കു നേരെയുള്ള ആക്രമണമേഖലയില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് യുഎസ് നിര്‍ദേശിച്ചത്. നിലവിലെ സാഹചര്യത്തില്‍ ആക്രമണം ഉണ്ടാവില്ലെന്ന് സുരക്ഷാ കൗണ്‍സില്‍ ഉറപ്പ് വരുത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. അള്‍ജീരിയ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയത്തിന് മുകളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ വീറ്റോ പ്രയോഗിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ പ്രമേയത്തോടുള്ള മറ്റു രാജ്യങ്ങളുടെ നിലപാട് നിര്‍ണായകമായേക്കും.
ഉത്തരവാദിത്തം ഇസ്രയേലിനെന്ന് ഹമാസ്
ദീര്‍ഘകാല വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളെ അട്ടിമറിച്ചത് ഇസ്രയേലാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഗാസയിലേക്ക് കൂടുതല്‍ സഹായം ഉറപ്പാക്കുക, പലസ്തീന്‍ തടവുകാരെ വിട്ടയക്കുക എന്നീ ഉപാധികളില്‍ നിന്ന് പിറകോട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി.