ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സൗകര്യം
മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 84 കടന്നു. അടിയന്തിരമായി ആശുപത്രി സംവിധാനം വേണ്ട സാഹചര്യം ആയതിനാല്‍ വയനാട് ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സൗകര്യം ആരംഭിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ പോളിടെക്‌നിക്കില്‍ താത്ക്കാലിക ആശുപത്രി സജ്ജമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുണ്ടക്കൈ മേഖലയിലേക്ക് പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരല്‍പ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എന്‍ഡിആര്‍എഫ് സംഘം ഭക്ഷണമെത്തിച്ചിട്ടുണ്ട്. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.