PHOTO: WIKI COMMONS
മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണത്തില്‍ 60 മരണം. നൂറിലേറെപ്പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ 60 പേരുടെ നില ഗുരുതരമാണ്. മോസ്‌കോയിലെ കൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ സംഗീത ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പിന്നാലെ ഹാളിനുള്ളില്‍ സ്‌ഫോടനമുണ്ടായി. പിന്നാലെ, കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടാവുകയായിരുന്നു. ആയുധധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഏറ്റെടുത്തു.
6,200 പേരാണ് ആക്രമണം നടന്ന ഹാളിലുണ്ടായിരുന്നത്. നിരവധി പേര്‍ ഹാളില്‍ കുടുങ്ങിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന് തീപിടിച്ച് മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണു. വെടിവെപ്പിനെത്തുടര്‍ന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലര്‍ മരിച്ചത്.
അക്രമികളിലൊരാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്
അക്രമികള്‍ യന്ത്രത്തോക്ക് ഉപയോഗിച്ച് തുടരെ വെടിവെക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സൈനികരുടെ വേഷത്തില്‍ എത്തിയ അക്രമികളില്‍ ഒരാള്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.
അക്രമികളില്‍ ചിലര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
മോസ്‌കോ ഗവര്‍ണ്ണര്‍ ആന്ദ്രേ വോറോബിയോവ് സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ ആരംഭിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റഷ്യയിലെ ആക്രമണത്തെക്കുറിച്ച് യു.എസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂറില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കാനും ആളുകളോട് ആവശ്യപ്പെട്ടിരുന്നു.