
ക്വറ്റയില്‍ ഭീകരാക്രമണം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ ക്വറ്റയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ഭീകരാക്രമണത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ മാര്‍ഗറ്റ് മേഖലയില്‍ റോഡരികില്‍ വച്ചിരുന്ന ബോംബ് പൊട്ടിച്ചാണ് ബിഎല്‍എ സൈനികരെ വധിച്ചത്. ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡിന്റെ വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
നാല് സൈനികര്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പത്ത് സൈനികര്‍ മരിച്ചുവെന്നും വാഹനം പൂര്‍ണമായും നശിച്ചുവെന്നും ബിഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു.
'മാര്‍ഗറ്റില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ റിമോട്ട് കണ്‍ട്രോണ്‍ നിയന്ത്രിത സ്‌ഫോടക വസ്തുക്കളിലൂടെ ഒരു പാകിസ്താനി സൈനിക വാഹന വ്യൂഹത്തെ ആക്രമിച്ചു. വാഹനം നശിച്ചു, കൂടാതെ വാഹനത്തിലുണ്ടായിരുന്ന 10 സൈനികര്‍ കൊല്ലപ്പെട്ടു,' എന്ന് ബിഎല്‍എ വക്താവ് ജീയാന്‍ഡ് ബലൂച്ച് പറഞ്ഞു.
പാക് സൈന്യത്തിനുനേരെ ബിഎല്‍എ നടത്തുന്ന ആക്രമണ പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണിത്. കഴിഞ്ഞ മാര്‍ച്ചില്‍, ബിഎല്‍എ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ റാഞ്ചിയിരുന്നു. ഈ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.


