
ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ ടെസ്ല സൈബര്‍ ട്രക്കില്‍ സ്‌ഫോടനം; ഒരു മരണം
യുഎസിലെ ലെസ് വേഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് മുന്നില്‍ ഒരു ടെസ്ല സൈബര്‍ ട്രക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2024 മോഡല്‍ സൈബര്‍ട്രക്കിലാണ് സ്‌ഫോടനം ഉണ്ടായത്. ഈ സ്‌ഫോടനത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ഒരാള്‍ ഒരു ട്രക്ക് ഇടിച്ചു കയറ്റി 15 പേര്‍ കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ് ഈ സംഭവം ഉണ്ടായത്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ ഭാഗമാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍. ടെസ്ലയുടെ സിഇഒ ഇലോണ്‍ മസ്‌ക് 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്ന പ്രമുഖനാണ്.
സൈബര്‍ ട്രക്കും ട്രംപ് ഹോട്ടലും സംഭവത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ധാരാളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ടെന്ന് ലെസ് വേഗാസ് മെട്രോപൊളിറ്റന്‍ പൊലീസ് വകുപ്പ് ഷെറീഫ് കെവിന്‍ മക്മാഹില്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ സംഭവമെന്ന് ഇനിയും വ്യക്തമല്ലെന്ന് എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജായ ജെറമി ഷ്വാര്‍ട്‌സ് പറഞ്ഞു.
വാഹനം ഓടിച്ചിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞുവെന്നും വാഹനത്തെ കൊളറാഡോയില്‍ നിന്നും വാടകയ്ക്ക് എടുത്തതാണെന്നും എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഡ്രൈവറുടെ പേര് പുറത്ത് വിട്ടിട്ടില്ല.
വാടകയ്ക്ക് എടുത്ത വാഹനത്തില്‍ ധാരാളം വെടിമരുന്നുകള്‍ കൂടാതെ/ അല്ലെങ്കില്‍ ഒരു ബോംബ് ഉണ്ടായിരുന്നുവെന്നും അത് പൊട്ടിത്തെറിച്ചുവെന്നും മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തു.