
ടെസ്ലയുടെ വില കുറഞ്ഞ കാറുകളുടെ ലോഞ്ച് വൈകും
അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ വില കുറഞ്ഞ കാറുകൾക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. ടെസ്ലയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവി കാർ മോഡലായ മോഡൽ വൈയുടെ അടക്കം വില കുറഞ്ഞ പതിപ്പുകൾ പുറത്തിറക്കാനുള്ള ടെസ്ലയുടെ പദ്ധതി വീണ്ടും നീണ്ടിരിക്കുകയാണെന്ന് ടെസ്ലയുടെ അടുത്ത വൃത്തങ്ങൾ റോയ്റ്റേഴ്സിനോട് വെളിപ്പെടുത്തി.
2025ന്റെ ആരംഭത്തിൽ വില കുറഞ്ഞ ടെസ്ല കാറുകൾ പുറത്തിറക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നു. ടെസ്ലയുടെ വിൽപനയിൽ ഒരു കുതിച്ചുചാട്ടവും ഇത് മൂലം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഎസിൽ തന്നെ വിലകുറഞ്ഞ മോഡൽ വൈ പതിപ്പ് നിർമാണം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ടെസ്ലയുടെ പദ്ധതികൾക്ക് പുറത്തുള്ള സമയപരിധിയിലായിരിക്കും ഇവയുടെ നിർമാണവും വിതരണവും നടക്കുക.
യുഎസിൽ മാത്രം 2,50,000ൽപ്പരം മോഡൽ വൈയുടെ വില കുറഞ്ഞ പതിപ്പ് 2026ൽ നിർമ്മിക്കുമെന്ന് ടെസ്ലായിൽ ജോലി ചെയ്യുന്നവർ അറിയിച്ചു. പിന്നീട് ചൈനയിലും യൂറോപ്പിലും ഇവയുടെ നിർമാണം ആരംഭിക്കുമെന്നും റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളപരമായി ടെസ്ലയുടെ വില്പന നിലവിൽ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ട്രംപിന്റെ താരിഫ് യുദ്ധം മൂലം ടെസ്ലയുടെ ഓഹരികൾക്കും യുഎസിൽ വലിയ ഇടിവാണ് വന്നിട്ടുള്ളത്. താരിഫ് യുദ്ധവും, ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ട്രംപുമായുള്ള അടുത്ത ബന്ധത്തിലുള്ള എതിർപ്പുമാണ് ടെസ്ലയുടെ വില്പനയെ ആഗോളനിലയിൽ ബാധിച്ചിരിക്കുന്നത്.


