TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയിൽ ടെസ്ലയുടെ ആദ്യത്തെ ഷോറൂം തുറന്നു; മോഡൽ വൈ കാറിന്റെ വില 60 ലക്ഷം രൂപ

15 Jul 2025   |   1 min Read
TMJ News Desk

മുംബൈയിൽ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്ന് അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്ല. അതിനോടൊപ്പം തന്നെ മോഡൽ വൈ എന്ന കാറും വില്പനയ്ക്കെത്തി. 60 ലക്ഷം രൂപയാണ് ഇന്ത്യയിൽ മോഡൽ വൈയുടെ വില. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിലെ മേക്കർ മാക്സിറ്റി മാളിലാണ് ഷോറൂം തുറന്നിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം മൂന്നാം പാദത്തിൽ ടെസ്ല കാറുകളുടെ വിതരണം തുടങ്ങുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ കൂടിയ ഇറക്കുമതി തീരുവ മൂലമാണ് ഇത്രയും കാലമായിട്ടും ടെസ്ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാതിരുന്നത്. ഏറെക്കാലമായി ഇന്ത്യയുടെ ഇറക്കുമതി തീരുവയെ ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് വിമർശിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സൗഹൃദവും, ട്രംപിന്റെ ഭരണകൂടത്തിലെ മസ്കിന്റെ പങ്കാളിത്തവും യൂറോപ്പിലടക്കം ടെസ്ലയുടെ വില്പന ഗണ്യമായി കുറയുവാൻ കാരണമായി. ഒപ്പം ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി അടക്കമുള്ള കമ്പനികൾ യൂറോപ്പ് അടക്കമുള്ള വിപണികൾ കീഴടക്കാനും തുടങ്ങി.

ആഡംബര കാർ സെഗ്മെന്റിലാണ് ടെസ്ല ഇന്ത്യയിലെത്തുന്നത്. നിലവിൽ ഇറക്കുമതി ചെയ്ത കാറുകളാണ് ഇന്ത്യയിൽ വിൽക്കുക. ഇന്ത്യയിൽ നിർമാണ പ്ലാന്റ് തുടങ്ങുന്നതിനെപ്പറ്റി വ്യക്തമായ സൂചനകൾ ഇത് വരെ ടെസ്ല നൽകിയിട്ടില്ല. ഈ വർഷാരംഭത്തിൽ ഇന്ത്യയിൽ ടെസ്ലയിലേക്കുള്ള നിയമനങ്ങൾക്കായുള്ള ഇന്റർവ്യൂകളും മറ്റും ആരംഭിച്ചിരുന്നു. ജൂലൈ അവസാനത്തോടെ ന്യൂ ഡൽഹിയിലും ടെസ്ലയുടെ ഷോറൂം തുറക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയാണ് ഇന്ത്യയെങ്കിലും, ഇന്ത്യയിലെ കാർ വില്പനയിൽ വെറും 4 ശതമാനം മാത്രമാണ് ഇലക്ട്രിക്ക് കാറുകളെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തെ പ്രധാന കാർ വിപണികളിൽ ഇന്ത്യയിലാണ് ടെസ്ലയുടെ മോഡൽ വൈക്ക് ഏറ്റവും കൂടുതൽ വിലയെന്നും റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിന് കാരണം, രാജ്യത്തെ കൂടിയ ഇറക്കുമതി തീരുവയാണ്. ഇന്ത്യയിൽ ബിഎംഡബ്ല്യൂ, മെർസിഡീസ് ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കളുടെ കാറുകളുമായി മത്സരിക്കാനാണ് ടെസ്ലയുടെ തീരുമാനം.




#Daily
Leave a comment