
ടെസ്ലയുടെ ലാഭം 71% ഇടിഞ്ഞു; ഡോജുമായുള്ള ബന്ധം വെട്ടിക്കുറയ്ക്കാന്‍ മസ്‌ക് ഒരുങ്ങുന്നു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) തലവനുമായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആ വകുപ്പുമായുള്ള ബന്ധം പുനരവലോകനം ചെയ്യുന്നു. അടുത്ത മാസം മുതല്‍ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മസ്‌ക് തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ട്.
ട്രംപ് ഭരണകൂടത്തില്‍ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി 130 ദിവസം പ്രവര്‍ത്തിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ കാലയളവ് മെയ് മാസത്തില്‍ അവസാനിക്കും.
ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറച്ച് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ മസ്‌ക് സ്വീകരിച്ച കടുത്ത നടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പും നിക്ഷേപകരില്‍ ആശങ്കയും സൃഷ്ടിച്ചിരുന്നു.
മസ്‌കിന്റെ നടപടികളെ തുടര്‍ന്ന് ആയിരക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിരുന്നു. തട്ടിപ്പും അനാവശ്യ ചെലവും കുറയ്ക്കാന്‍ വേണ്ടിയെന്ന പേരിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇത്തരമൊരു വകുപ്പ് അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു. ഡോജ് വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തുവെന്ന് ആരോപണം ഉയര്‍ന്നു. കൂടാതെ, അമേരിക്കക്കാര്‍ക്ക് നിര്‍ണ്ണായകമായ അനവധി പദ്ധതികള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
ഡോജിനുവേണ്ടി ചെലവഴിക്കുന്ന സമയം അടുത്ത മാസം മുതല്‍ വളരെയധികം കുറയുമെന്ന് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ നിക്ഷേപകരുമായി നടത്തിയ കോണ്‍ഫറന്‍സ് ഫോണ്‍ സംഭാഷണത്തില്‍ കമ്പനി സിഇഒയായ മസ്‌ക് പറഞ്ഞു.
2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ടെസ്ലയുടെ ലാഭത്തില്‍ 71 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം. 2024ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 1.4 ബില്ല്യണ്‍ നേടിയ കമ്പനിക്ക് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 409 മില്ല്യണ്‍ ഡോളര്‍ മാത്രമാണ് ലഭിച്ചത്.


