
ടെക്സസിലെ മിന്നൽപ്രളയം: മരണസംഖ്യ 51 ആയി ഉയർന്നു
ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 51ലേക്ക് ഉയർന്നു. കെർ കൗണ്ടിയിൽ 15 കുട്ടികളടക്കം 43 പേരും, അടുത്തുള്ള പ്രദേശങ്ങളിൽ 8 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് എപിന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ടെക്സസിലെ മഴമൂലം ഗ്വാഡൽപെ നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് ദുരന്തത്തിനിടയാക്കിയത്. നദീ തീരത്ത് സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി. 27 പെൺകുട്ടികൾ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സമ്മർ ക്യാമ്പിൽ നിന്നും എത്ര പേരെയാണ് കാണാതായിട്ടുള്ളത് എന്ന കണക്ക് അധികൃതർ ഇനിയും പുറത്ത് വിട്ടിട്ടില്ല. ക്യാമ്പ് പൂർണമായും നശിച്ചുപോയെന്ന് ക്യാമ്പിൽ പങ്കെടുത്ത എലിനോർ ലെസ്റ്റർ പറയുന്നു. ഒരു ഹെലികോപ്റ്റർ ലാൻഡ് ചെയ്തെന്നും, ആളുകളെ ഇതിൽ കയറ്റി രക്ഷിച്ചു കൊണ്ട് പോവാൻ തുടങ്ങിയെന്നും, വളരെയേറെ ഭയപ്പെടുത്തുന്നതായിരുന്നു സംഭവങ്ങളെന്നും എലിനോർ പറഞ്ഞു. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.


