TMJ
searchnav-menu
post-thumbnail

TMJ Daily

കംബോഡിയയുമായി സംഘർഷം: മധ്യസ്ഥ ശ്രമങ്ങൾ തള്ളി തായ്‌ലൻഡ്

25 Jul 2025   |   1 min Read
TMJ News Desk

കംബോഡിയയുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങൾ തായ്‌ലൻഡ് നിരസിച്ചു. കംബോഡിയ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ സ്ഥിതിഗതികൾ പരിഹരിക്കാനാവുവെന്നും തായ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.

തായ്‌ലൻഡും, കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും തുടർന്നു. ഇരുകൂട്ടരും പീരങ്കി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടത്തി.

ഇരുരാജ്യങ്ങളും തമ്മിൽ ഒരു ദശാബ്ദത്തിനിടയിൽ നടന്ന ഏറ്റവും രൂക്ഷമായ പോരാട്ടത്തിൽ ഇതുവരെ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും തായ് സിവിലിയന്മാരാണ്.

ആസിയാൻ (ASEAN) മേഖലാ കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ സ്ഥാനത്തുള്ള മലേഷ്യക്ക് പുറമെ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളും ഇരുകൂട്ടരും തമ്മിൽ സംഭാഷണത്തിന് സൗകര്യമൊരുക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, സംഘർഷത്തിന്  ഉഭയകക്ഷി പരിഹാരം തേടുകയാണെന്ന് തായ് വിദേശകാര്യ മന്ത്രാലയ വക്താവ് നികോർണ്ടേജ് ബാലൻകുറ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "മൂന്നാമതൊരു രാജ്യത്തിന്റെയും മധ്യസ്ഥത ഇതുവരെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു," നികോർണ്ടേജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഒരു തർക്ക സ്ഥലത്ത് സംഘർഷം ആരംഭിച്ചതായി കംബോഡിയയും, തായ്‌ലൻഡും പരസ്പരം ആരോപിച്ചു. ഇത് ഒരു നൂറ്റാണ്ടിലേറെയായി തർക്കത്തിലായ  പ്രദേശത്തെ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണത്തിലേക്ക്  വഴിവച്ചു.

"ഉഭയകക്ഷി സംവിധാനമാണ് ഏറ്റവും നല്ല പോംവഴി എന്ന നിലപാടിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്," കംബോഡിയൻ പക്ഷം ആദ്യം അതിർത്തിയിലെ അക്രമം അവസാനിപ്പിക്കണമെന്ന് നികോർണ്ടേജ് കൂട്ടിച്ചേർത്തു. "ഞങ്ങളുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു."

കംബോഡിയൻ സർക്കാർ ഇതുവരെ പ്രതികരിച്ചില്ല. തായ്‌ലൻഡിന്റെ "പ്രകോപനരഹിതവും മുൻകൂട്ടി തയ്യാറാക്കിയതുമായ സൈനിക ആക്രമണം" എന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹൺ മാനെറ്റ് പറഞ്ഞു.  
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഈ വിഷയത്തിൽ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച യോഗം നടത്തുമെന്ന് യുഎൻ അറിയിച്ചു.

#Daily
Leave a comment