
PHOTO: WIKI COMMONS
തലശ്ശേരി-മാഹി ബൈപാസ്; പാലത്തിനു മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു
തലശ്ശേരി-മാഹി ബൈപാസിലെ രണ്ടു മേല്‍പാതകള്‍ക്കിടയിലുള്ള വിടവിലൂടെ താഴേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തോട്ടുമ്മല്‍ ജന്നത്ത് വീട്ടില്‍ നിദാലാണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് നിദാല്‍. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നിട്ടൂരില്‍ നിന്ന് മുഴപ്പിലങ്ങാട് ഭാഗത്തേക്ക് പോകുന്ന വഴി 200 മീറ്ററിനിടയിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു നിദാല്‍. രണ്ടു പാലങ്ങള്‍ക്കിടയിലുള്ള വിടവ് ചാടിക്കടക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് തലശ്ശേരി - മാഹി ബൈപ്പാസ്. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്ററാണ് ബൈപ്പാസ്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.