തങ്കമണി സിനിമയ്ക്ക് സ്റ്റേ ഇല്ല; ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
തങ്കമണി സിനിമയ്ക്ക് സ്റ്റേ ഇല്ല. സിനിമയുടെ റിലീസ് മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 7ന് തന്നെ നടക്കും. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹര്‍ജിക്കാരുടെ വാദങ്ങളില്‍ കാര്യമില്ലെന്ന് വ്യക്തമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്.
ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തില്‍ 1986ല്‍ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തര്‍ക്കം പിന്നീട് വലിയ അക്രമങ്ങളിലേക്ക് വഴിവച്ച സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന തങ്കമണി എന്ന സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി രഹസ്യവാദം കേട്ടിരുന്നു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ തങ്കമണി മാര്‍ച്ച് 7-ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയിലെത്തുന്നത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി രഹസ്യവാദം കേട്ടത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് സിനിമയ്ക്ക് പിന്നിലുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍.മേനോന്റെ വാദം പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമെത്തിയ ഹര്‍ജി
തങ്കമണി സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇടുക്കി സ്വദേശി നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. പരാതിക്കിടയാക്കിയ വിഷയങ്ങള്‍ സ്‌ക്രീനിങ്ങില്‍ പരിശോധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു ഹര്‍ജി തീര്‍പ്പാക്കിയത്. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമെത്തിയ ഹര്‍ജിയാണ് ഇത്തവണ പരിഗണിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി.