താനൂര്‍ കസ്റ്റഡി മരണം; പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൂര്‍ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ലോക്കപ്പ് ആളെ കൊല്ലാനുള്ള ഇടമല്ല
ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല, പൊലീസിന് അതിനുള്ള അധികാരമില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ പൊലീസ് സര്‍വ്വീസാണ് കേരളത്തില്‍ ഉള്ളത് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം. തെറ്റ് ചെയ്തവര്‍ രക്ഷിക്കപ്പെടുകയില്ല. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ ആരെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതു മറികടന്നുള്ള അന്വേഷണമാണ് സിബിഐ നടത്തേണ്ടത്. ജില്ലാ പൊലീസ് മേധാവിയെ കുറിച്ചുള്ള പരാതിയും അന്വേഷിക്കും. സംഭവത്തില്‍ താനൂര്‍ സബ് ഇന്‍സ്‌പെക്ടറെ അടക്കം എട്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണം സിബിഐക്ക്
ഡിജിപി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് താമിര്‍ ജിഫ്രി എന്ന യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. ശരീരത്തിലാകെ 21 മുറിവുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഗസ്റ്റ് ഒന്നിനായിരുന്നു പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രിയുടെ മരണം. മയക്കുമരുന്ന് കേസിലാണ് താമിറിനെ പൊലീസ് അറസ്റ്റു ചെയ്തത്.