
അദാനി കേസ് ചർച്ച ചെയ്തില്ല, പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു
അദാനി, മണിപ്പൂർ, സംബാല്‍ വിഷയങ്ങളിൽ പാർലമെന്റ് ശീതകാല സമ്മേളനത്തിലെ ആദ്യ ദിനം തന്നെ പ്രക്ഷുബ്ധമായി. ലോകസഭയിൽ ബഹളത്തെ തുടർന്ന് ആദ്യം 12 മണിവരെ സ്പീക്കർ സഭ നിർത്തിവച്ചു. പിന്നീട് സഭ തുടങ്ങിയപ്പോഴും പ്രതിപക്ഷം തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിച്ചു രംഗത്തുവന്നു. തുടർന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
ഗൗതം അദാനിക്കെതിരായ കൈക്കൂലി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. അതിന് അനുമതി ലഭിച്ചില്ല. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. ബുധനാഴ്ച ഇരുസഭകളും വീണ്ടും ചേരും. നാളെ(ചൊവ്വാഴ്ച) പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനം നടക്കും. ചടങ്ങിലെ പ്രാസംഗികരുടെ പട്ടികയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേര് ഇല്ലാത്തതിനെ പ്രതിപക്ഷം വിമർശിച്ചു.
അന്തരിച്ച സഭാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇരുസഭകളും ആരംഭിച്ചത്. ആദരാഞ്ജലി അർപ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭയിലെ അംഗങ്ങൾ അദാനി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങുകയും തുടർന്ന് ലോക്സഭ 12 മണിവരെയും രാജ്യസഭ 11.45 വരെയും നിർത്തിവയ്ക്കുകയുമായിരുന്നു. പിന്നീട് പന്ത്രണ്ടുമണിയോടെ സഭ വീണ്ടും ചേർന്നെങ്കിലും സംബാലിലെ സംഘർഷ വിഷയം പ്രതിപക്ഷം ഉയർത്തി. അദാനിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.
എം എം ലോറൻസ് (കേരളം), വസന്തറാവു ചവാൻ (മഹാരാഷ്ട്ര), എസ് കെ നൂറുൽ ഇസ്ലാം (പശ്ചിമ ബംഗാൾ), എം പാർവതി (ആന്ധ്രാപ്രദേശ്), ഹരിശ്ചന്ദ്ര ദേവ്‌റാം ചവാൻ (മഹാരാഷ്ട്ര) എന്നിവരുടെ ചരമോപചാരം ലോക്‌സഭയിൽ സ്പീക്കർ ഓം ബിർള അവതരിപ്പിച്ചു.
അദാനി വിഷയത്തിന് പുറമെ മണിപ്പൂരിലെയും സംബാലിലെയും അക്രമങ്ങൾ ചർച്ച ചെയ്യാനും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ജനങ്ങൾക്ക് സഹായത്തിനുള്ള ആവശ്യകത ചർച്ച ചെയ്യുന്നതിനും എംപിമാർ നോട്ടീസ് നൽകിയിരുന്നു.