REPRESENTATIONAL IMAGE: UN
മൗലികാവകാശ ലംഘനം ആവര്‍ത്തിച്ച് അഫ്ഗാന്‍ ഭരണകൂടം, മാധ്യമങ്ങളോടും കടുത്ത അലംഭാവം
കഴിഞ്ഞ 19 മാസങ്ങളായി ഭരണകൂടത്തില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധി നേരിടുകയാണ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍. കൃത്യസമയത്ത് വിവരങ്ങള്‍ ലഭിക്കാത്തതിന്റെ അഭാവം മൂലം, വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങള്‍ സമയബന്ധിതമായി കവറേജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നു. പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ഇതുമൂലം കഴിയുന്നില്ലെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരെ ഉദ്ദരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ ഇത്തരം പ്രവണതകളില്‍ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും കടുത്ത ആശങ്കയിലാണ്.
രാഷ്ട്രത്തെ സംബന്ധിച്ചും അല്ലാത്തതുമായ വിവരങ്ങള്‍ ലഭ്യമാക്കി കിട്ടേണ്ടത് അഫ്ഗാന്‍ പൗരന്മാരുടെ മൗലികാവകാശമാണെന്നും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജനങ്ങളുമായി സഹകരിക്കേണ്ടതുണ്ടെന്നും മാധ്യമ-സന്നദ്ധസംഘടനകള്‍ വ്യക്തമാക്കി. ''വിവരങ്ങളുടെ ലഭ്യത ജനങ്ങളുടെ മൗലികാവകാശമാണ്. അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ തലവന്‍ മസ്രൂര്‍ ലുത്ഫി പറഞ്ഞു. അതേസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിച്ച് കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ''വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാനാണ് വക്താക്കളെ നിയമിച്ചിരിക്കുന്നത്. മാധ്യമ സംഘടനകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ അവര്‍ കൃത്യസമയത്ത് അറിയിക്കണം,'' അഫ്ഗാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി ഹയാത്തുള്ള മുഹജര്‍ പറഞ്ഞു. രാജ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമായ പ്രവണതയാണ് അഫ്ഗാന്‍ ഭരണകൂടം ചെയ്യാറുള്ളത്. ആയതിനാല്‍ തന്നെ വാഗ്ദാനങ്ങളില്‍ പലതും അഫ്ഗാന്‍ മണ്ണില്‍ പാലിക്കപ്പെടുന്നില്ല.
പാഴായി പോയ വാഗ്ദാനങ്ങള്‍
മാസങ്ങള്‍ക്ക് മുന്‍പ് ഒരു അഫ്ഗാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി ഹയാത്തുള്ള മുഹജര്‍ പറഞ്ഞത് മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ്. അദ്ദേഹം നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നത്, സമയബന്ധിതമായ വിവര ലഭ്യതയ്ക്ക് ഡയറക്ട്രേറ്റ്, ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ മാറ്റി സ്ഥാപിച്ചുവെന്നാണ്. ''ഇസ്ലാമിക് എമിറേറ്റും പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രാലയവും മാധ്യമങ്ങളെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്നതായി' അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിദേശ ജേര്‍ണലിസ്റ്റുകളുടെ സ്ഥിതി മെച്ചപ്പെട്ടു, കഴിഞ്ഞ വര്‍ഷം 700 ലധികം ജേര്‍ണലിസ്റ്റുകള്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഇസ്ലാമിക് എമിറേറ്റ്‌സും ലോകവും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മാധ്യമ സംഘടനകള്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 1,668 ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, 80% മാധ്യമ മരണങ്ങളും 15 രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. ഇറാഖും സിറിയയുമാണ് ഉയര്‍ന്ന മരണസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇവിടങ്ങളില്‍ മൊത്തം 578 ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് മാധ്യമ മരണങ്ങള്‍ ഇവിടെയാണ് സംഭവിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, യെമന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ആഫ്രിക്കയില്‍, സൊമാലിയാണ് തൊട്ടു പിറകിലെന്ന് ആര്‍എസ്എഫ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
അഫ്ഗാനിസ്ഥാന്‍ ജേണലിസ്റ്റ് സെന്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, 2022-ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരായ 260 അക്രമങ്ങളും അറസ്റ്റും മറ്റ് അക്രമാസക്തമായ പെരുമാറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എഫിന്റെ കണക്കനുസരിച്ച് 2023 ജനുവരി 1 മുതല്‍ ലോകത്തിലാകമാനം 11 ജേര്‍ണലിസ്റ്റുകള്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.