
അമേരിക്കന്‍ വിരുദ്ധ അജണ്ട; ജി20 ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റുബിയോ
ഈ മാസം ദക്ഷിണ ആഫ്രിക്കയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ആതിഥേയ രാജ്യത്തിന് അമേരിക്കന്‍ വിരുദ്ധ അജണ്ടയാണുള്ളതെന്ന് റൂബിയോ ആരോപിച്ചു.
വര്‍ണവിവേചന കാലത്ത് നടന്ന അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ഭൂപരിഷ്‌കരണം നടത്താനുള്ള ദക്ഷിണ ആഫ്രിക്കന്‍ സര്‍ക്കാരിന്റെ നിലപാടിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് റൂബിയോയുടെ പ്രഖ്യാപനം ഉണ്ടായത്.
ദക്ഷിണ ആഫ്രിക്ക വളരെ മോശം കാര്യങ്ങള്‍ ചെയ്യുന്നുവെന്നും ഐക്യദാര്‍ഢ്യം, തുല്യത, സുസ്ഥിരത എന്നിവ പ്രചരിപ്പിക്കാന്‍ ജി20യെ ഉപയോഗിക്കുന്നുവെന്നും റൂബിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിഇഐയും കാലാവസ്ഥാ മാറ്റവും എന്നും പോസ്റ്റ് ചെയ്തു. നാനാത്വം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നതാണ് ഡിഇഐ. ആ ആശയത്തെ യുഎസില്‍ വീണ്ടും അധികാരമേറ്റത് മുതല്‍ ട്രംപ് തുടര്‍ച്ചയായി ആക്രമിക്കുന്നുണ്ട്.
തന്റെ ജോലി അമേരിക്കയുടെ ദേശീയ താല്‍പര്യം സംരക്ഷിക്കുകയാണെന്നും നികുതി ദായകരുടെ പണം പാഴാക്കുകയോ അമേരിക്കന്‍ വിരുദ്ധതയെ ലാളിക്കുകയോ ചെയ്യല്‍ അല്ലെന്നും റൂബിയോ പറഞ്ഞു.
ദക്ഷിണ ആഫ്രിക്ക ഭൂമി പിടിച്ചെടുക്കയാണെന്ന ട്രംപിന്റെ ആരോപണം പ്രസിഡന്റ് റാമഫോസ തള്ളിയിരുന്നു. തന്റെ സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നയം ട്രംപിന് വിശദീകരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌കുമായി റാമഫോസ സംസാരിച്ചിരുന്നു. വര്‍ണവിവേചനം അവസാനിച്ച് മൂന്ന് പതിറ്റാണ്ട് ആയിട്ടും വെള്ളക്കാരുടെ പക്കലാണ് ഭൂമി കൂടുതലുമുള്ളത്. ഭൂപരിക്ഷ്‌കരണം നടത്താനുള്ള സമര്‍ദ്ദം സര്‍ക്കാര്‍ നേരിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ജി20. യുഎസിന്റെ അസാന്നിദ്ധ്യം കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്.