
സൈന്യം പരാജയപ്പെട്ടു; 2023 ഒക്ടോബര്‍ 7 ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍
ഗാസാ യുദ്ധത്തിന് കാരണമായ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് സംഭവിച്ച തെറ്റുകളെ കുറിച്ച് സൈന്യം ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വിട്ടു.
ഇസ്രായേലി പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) പരാജയപ്പെട്ടുവെന്ന് 19 പേജുള്ള റിപ്പോര്‍ട്ട് കണ്ടെത്തി. ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏകദേശം 5,000 ഹമാസ് പ്രവര്‍ത്തകരാണ് ആയുധങ്ങളുമായി ഇസ്രായേലില്‍ ആക്രമണം നടത്തിയത്. 251 ഇസ്രായേലികളെ തടവുകാരായി പിടിക്കുകയും ചെയ്തിരുന്നു.
നാടകീയമായ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടിലില്ല. എന്നാല്‍ എങ്ങനെ ഇസ്രായേല്‍ സൈന്യം ഹമാസിന്റെ മനസ്സിലിരുപ്പ് തെറ്റായി മനസ്സിലാക്കിയെന്നും അവരുടെ ശേഷികളെ വിലകുറച്ചു കണ്ടുവെന്നും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
ഇറാനും ഹിസ്ബുള്ളയുമാണ് പ്രാഥമിക ഭീഷണികളെന്ന് വിലയിരുത്തിയ സൈന്യം ഹമാസിനെ ദ്വിതീയ ഭീഷണിയായിട്ടാണ് കണ്ടിരുന്നത്. ഗാസ നയം വിരോധാഭാസം: ഹമാസ് നിയമവിരുദ്ധം, എന്നിട്ടും ബദല്‍ വളര്‍ത്തിയെടുക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല എന്നാണ് ഗാസ നയത്തെക്കുറിച്ച് പറയുന്നത്.
ഹമാസിന് വലിയ തോതിലെ യുദ്ധത്തോട് താല്‍പര്യമില്ലെന്നും അതിനായി തയ്യാറെടുക്കില്ലെന്നും ഇസ്രായേലി സൈന്യം കരുതി. ഹമാസ് തന്നെ സൃഷ്ടിച്ച തെറ്റിദ്ധാരണ ഇസ്രായേലി സൈന്യത്തില്‍ രൂപീകരിച്ച കാഴ്ച്ചപ്പാടായിരുന്നു ഇത്.