PHOTO: WIKI COMMONS
ബാള്‍ട്ടിമോര്‍ അപകടം; ആറ് തൊഴിലാളികള്‍ മരിച്ചതായി അധികൃതര്‍
യുഎസിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറ് തൊഴിലാളികള്‍ മരിച്ചതായി അധികൃതര്‍. പാലം തകരുമ്പോള്‍ ഉണ്ടായിരുന്ന എട്ട് നിര്‍മാണ തൊഴിലാളികളില്‍ ആറ് പേരെയാണ് കാണാതായത്. തൊഴിലാളികളെ ജീവനോടെ കണ്ടെത്തുമെന്ന് പ്രതീക്ഷയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ആറ് പേരും പാലത്തിന്റെ റോഡിലെ കുഴികള്‍ നികത്തുന്ന ജോലിക്കാരായിരുന്നു. അപകടത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ തടസ്സമായതിനാല്‍ 18 മണിക്കൂറിന് ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡും മേരിലാന്‍ഡ് സ്‌റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. നദിയിലെ തണുത്തുറഞ്ഞ വെള്ളവും രക്ഷാപ്രവര്‍ത്തനം നീണ്ടുപോയതും കാണാതായവരെ ജീവനോടെ കണ്ടെത്തുന്നത് ദുഷകരമാക്കുമെന്നാണ് വിലയിരുത്തല്‍.
എട്ട് തൊഴിലാളികളില്‍ രണ്ട് പേരെ രക്ഷിച്ചു
ബാള്‍ട്ടിമോര്‍ ഹാര്‍ബറില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂര്‍ ഫ്‌ലാഗ് ചെയ്ത കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. 20 ലധികം ആളുകള്‍ പാലം സ്ഥിതി ചെയ്യുന്ന പടാപ്സ്‌കോ നദിയിലേക്ക് വീണതായാണ് പ്രാഥമിക വിലയിരുത്തല്‍. പാലത്തിലുണ്ടായിരുന്ന എട്ട് തൊഴിലാളികള്‍ വെള്ളത്തിലേക്ക് വീണതായി പിന്നീടാണ് കണ്ടെത്തുന്നത്. അപകടസമയത്ത് ഒന്നിലധികം വാഹനങ്ങളും പാലത്തില്‍ ഉണ്ടായിരുന്നു.
പാലത്തിലുണ്ടായിരുന്ന വാഹനങ്ങളില്‍ നിന്നും നിരവധി പേര്‍ വെള്ളത്തിലേക്ക് വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റാണ് അറിയിച്ചത്. ബാള്‍ട്ടിമോറിലെ അഗ്‌നിരക്ഷാ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. കൊളംബോയിലേക്ക് പുറപ്പെട്ട 300 മീറ്ററോളം നീളമുള്ള ദാലി എന്ന കണ്ടെയ്നര്‍ കപ്പലിടിച്ചാണ് പാലം തകര്‍ന്നത്. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.
2.6 കിലോമീറ്റര്‍ നീളമുള്ള ഈ നാലുവരി പാലം മധ്യ ബാള്‍ട്ടിമോറിന് തെക്കുകിഴക്കായി പടാപ്സ്‌കോ നദിക്ക് കുറുകെയായാണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയുടെ വടക്കുകിഴക്കായി യുഎസ് ഈസ്റ്റ് കോസ്റ്റിലെ ഒരു വ്യവസായ നഗരമായ ബള്‍ട്ടിമോറിന്റെ പ്രധാന ഭാഗമാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ്. 1977 ലാണ് ഈ പാലം നിര്‍മ്മിക്കുന്നത്.