
ജനന നിരക്ക് കുറയുന്നു; ചൈന വിവാഹ പ്രായം കുറയ്ക്കാന്‍ ഒരുങ്ങുന്നു
ചൈനയിലെ ജനന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി വിവാഹ പ്രായം കുറയ്ക്കുന്നത് പരിഗണിക്കുന്നു. ഈ ആഴ്ച്ച ചേരുന്ന നാഷണല്‍ പീപ്പീള്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ഉണ്ടാകും.
നിലവില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം 22ഉം സ്ത്രീകളുടേത് 20ഉം ആണ്. ഇത് 18 ആയി കുറയ്ക്കാനാണ് ആലോചിക്കുന്നത്. ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നടപടികളും പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
ചൈനയുടെ ജനസംഖ്യ ആറ് ദശാബ്ദങ്ങള്‍ക്കിടയില്‍ 2022ല്‍ ആദ്യമായി ഇടിഞ്ഞിരുന്നു. അതിനുശേഷം ഈ നിരക്ക് എല്ലാ വര്‍ഷവും കുറയുകയാണ്.
കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് പണം സബ്‌സിഡിയായി നല്‍കാനും മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ആലോചിക്കുന്നു.
ചൈനയുടെ ജനസംഖ്യ അതിവേഗം വളര്‍ന്നതിനെ തുടര്‍ന്ന് 1980ലാണ് വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം നിജപ്പെടുത്തിയത്. ഇത് ചൈനയുടെ ഒരു കുടുംബം ഒരു കുഞ്ഞ് നയത്തിന്റെ ഭാഗമായിട്ടായിരുന്നു.
ചൈനയിലെ പുരുഷന്‍മാരുടെ ആദ്യ വിവാഹത്തിന്റെ ശരാശരി പ്രായം 2020ല്‍ 29.4 ഉം സ്ത്രീകള്‍ക്ക് 28 വയസ്സും ആയിരുന്നു.
ചൈനയിലെ ജനസംഖ്യ അതിവേഗം വൃദ്ധരാകുകയാണ്. കൂടാതെ, കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നുള്ള സമൂഹത്തില്‍ നിന്നുള്ള അതിസമ്മര്‍ദ്ദവും അതിനുള്ള ചെലവും കാരണം കുഞ്ഞുങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് യുവാക്കള്‍.