RESHMI | PHOTO: WIKI COMMONS
ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്സിന്റേതെന്ന് റിപ്പോര്‍ട്ട്
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേതെന്ന് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശി രശ്മിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ് കൊല്ലപ്പെട്ട യുവതി. യുവതി സ്ഥിരമായി താമസിക്കുന്നത് കോയമ്പത്തൂരിലാണെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള മേഖലയില്‍ നിന്നും കഴുത്തില്‍ ഷാള്‍ കിരുങ്ങിക്കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും പണം ചിതറികിടക്കുന്നതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉയരക്കുറവുള്ള റായ്ക്കില്‍ ഷാള്‍കൊണ്ട് കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും യുവതിയില്‍ നിന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങള്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ മാസം അമ്മ മരിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതിയെ പൊലീസ് അന്വേഷിക്കുകയായിരുന്നു. പിന്നീട് ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയ്ക്ക് സമീപം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത ഭാഗത്ത് മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.