
മലങ്കര അണക്കെട്ട് ഷട്ടര്‍ ഉയര്‍ത്തിയെന്ന പ്രചാരണം തെറ്റ്: മന്ത്രി
കനത്ത മഴയെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചരണമാണെന്ന് ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവിലുള്ള മഴയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലമാണ് ഡാമുകളിലേക്ക് എത്തുന്നതെന്നും ചിലപ്പോള്‍ ഒരു മഴയില്‍ തന്നെ നിറയുന്ന ഡാമുകളുണ്ടെന്നും ഇതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം ശക്തമാകുന്നതിനാല്‍ റവന്യൂ വകുപ്പും, ഇറിഗേഷന്‍ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ ആശങ്കാകരമായ അളവില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെന്നും മിക്ക ഡാമുകളിലും സംഭരണ ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉന്നതല യോഗം അടുത്തദിവസം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.


