Representational Image: PTI
എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേസ്; വാദം കേൾക്കൽ വെള്ളിയാഴ്ചത്തേക്ക് നീട്ടി സുപ്രീം കോടതി
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ രാജ നല്കിയ ഹർജി വെള്ളിയാഴ്ച വിശദമായി കേൾക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും താൻ ഹിന്ദുമത വിശ്വാസിയാണെന്നും ഹർജിയിലൂടെ എ രാജ കോടതിയിൽ അറിയിച്ചു.
പ്രധാനപ്പെട്ട കേസുകളിലൊന്നായതുകൊണ്ട് വിശദമായി വാദം കേൾക്കുന്നതാണ് ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, ജി പ്രകാശൻ എന്നിവരാണ് കോടതിയിൽ ഹാജരായത്. 1986ൽ കേരള സർക്കാരിന്റെ ഉത്തരവനുസരിച്ച് 1950ന് മുമ്പ് തമിഴ്‌നാട് ഉൾപ്പെടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറപ്പെട്ട പട്ടികജാതി വിഭാഗത്തിലെ ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പട്ടികജാതി സർട്ടിഫിക്കറ്റ് നല്കുമെന്ന ഉത്തരവുണ്ടായിരുന്നു. എന്നാൽ ആ ഉത്തരവിനെ ഈ വിധിയിൽ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടി അതിരുകടന്നതാണെന്നാണ് രാജയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. സർക്കാർ കക്ഷിയല്ലാത്ത കേസിൽ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയുള്ള നടപടികൾ ഉണ്ടായെന്നും കോടതിയിൽ വ്യക്തമാക്കി.
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി
യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി നടപടി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നും സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് അർഹതയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെതിരെ രാജ നൽകിയ ഹർജിയെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നല്കുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. എന്നാൽ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്ക് രാജയ്ക്ക് അർഹതയുണ്ടായിരിക്കില്ലെന്നും നിയമസഭയിൽ രാജയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്
തൃപ്പൂണിത്തുറയിൽ മത്സരിച്ച എം സ്വരാജ് കെ ബാബുവിനെതിരെ നൽകിയ ഹർജി നിലനിൽക്കുമെന്ന് മാർച്ച് 29ന് ഹൈക്കോടതി പരാമർശിച്ചിരുന്നു. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ഹർജി. മതചിഹ്നം ഉപയോഗിച്ചെന്ന ആരോപണത്തിൽ മറുപടി നല്കാൻ കെ ബാബുവിന് മൂന്നാഴ്ച സമയം അനുവദിച്ചു.
അതേസമയം കോടതി വിധി തിരിച്ചടിയാണെന്ന് പറയാൻ കഴിയില്ലെന്ന് ബാബു പ്രതികരിച്ചു. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് സ്ലിപ് അടിച്ചിട്ടില്ലെന്നും സാധാരണ നിലയിൽ എല്ലാ പാർട്ടികളും തയാറാക്കുന്ന പോലെയുള്ള സ്ലിപ്പാണ് തങ്ങൾ പ്രചരണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ. ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എംഎൽഎയായ സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ചുവെന്നായിരുന്നു ബാബുവിനെതിരായ ആരോപണം.