സ്വവർഗ വിവാഹം നിയമവിധേയമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. നിലപാട് ശക്തമാക്കിക്കൊണ്ട് സർക്കാർ കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നത്. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമ്മാണ സഭകൾക്കാണ്, കോടതിക്ക് അധികാരം ഇല്ലെന്നും കേന്ദ്രം അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വീണ്ടും നിലപാട് കടുപ്പിച്ചത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യമല്ല, രാജ്യത്തെ വരേണ്യ വർഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും കേന്ദ്രസർക്കാർ പറയുന്നു. അതുപോലെ തന്നെ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 13 നാണ് മൗലിക പ്രാധാന്യമുള്ള ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഭരണഘടന ബെഞ്ച് ഹർജികൾ പരിഗണിക്കുമ്പോൾ ലൈവായി ടെലിക്കാസ്റ്റ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നു. കേന്ദ്ര സർക്കാർ മാർച്ചിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ സ്വവർഗരതി കുറ്റകരമാക്കുന്ന സെക്ഷൻ റദ്ധാക്കിയതു കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്ന് വാദിക്കുന്നുണ്ട്.
ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ, ഹിമ കോഹ്ലി എന്നിവരും ബെഞ്ചിലുണ്ടാകും. കേസിൽ വാദം കേൾക്കൽ ഏപ്രിൽ 18 ചൊവ്വാഴ്ച ആരംഭിക്കും.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം പൗരന്മാർക്കും ബാധകമാക്കണമെന്ന് വാദിച്ചുകൊണ്ട്, സ്വവർഗ വിവാഹങ്ങൾ നിയമപ്രകാരം അംഗീകരിക്കണമെന്ന് ഒരു കൂട്ടം ആളുകൾ ആശ്യപ്പെട്ടിട്ടുണ്ട്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും വിവാഹബന്ധത്തിൽ നിന്ന് ജനിച്ച കുട്ടികളുള്ള പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞു.
സമാനമായ വീക്ഷണങ്ങൾ ഇസ്ലാമിക മത സംഘടനയായ ജമിയത്ത്-ഉലമ-ഐ-ഹിന്ദ് പ്രകടിപ്പിച്ചിട്ടുണ്ട്, സ്വവർഗ വിവാഹം പോലുള്ള ആശയങ്ങൾ പാശ്ചാത്യ സംസ്‌കാരത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്, അത് ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ പാടില്ലാത്തതുമാണ് എന്നും ഇവർ വാദിക്കുന്നുണ്ട്.
ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (ഡിസിപിസിആർ) ദത്തെടുക്കലും പിന്തുടർച്ചാവകാശവും സ്വവർഗ ദമ്പതികൾക്ക് നൽകണമെന്ന് പറയുകയും ഹർജിക്കാരെ പിന്തുണക്കുകയും ഇടപെടൽ അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 15 വർഷത്തെ പരിചയം തങ്ങൾക്കുണ്ടെന്ന് കമ്മിഷൻ അപേക്ഷയിൽ പറയുന്നു. സ്വവർഗവിവാഹങ്ങൾ കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ചും കമ്മിഷൻ പഠനങ്ങൾ നടത്തിയിട്ടുണ്ട്. സ്വവർഗകുടുംബങ്ങളിൽ വളർത്തപ്പെടുന്ന കുട്ടികളുടെ മാനസിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കമ്മിഷൻ അവകാശപ്പെടുന്നു.
നിലവിൽ നയപരമായ ഒരു കാര്യമായിട്ടാണ് കേന്ദ്രസർക്കാർ സ്വവർഗ്ഗവിവാഹത്തിനെ കാണുന്നത്. എന്നാൽ ഹർജിക്കാർ ആവശ്യപ്പെടുന്നത് ആർട്ടിക്കിൾ 14 ലും 15 ലും പറഞ്ഞിരിക്കുന്ന തുല്യതയും വിവേചന രഹിതമായ അവകാശവുമാണ്. ഗവൺമെന്റിന്റെ നിലപാട് എതിർത്തു കൊണ്ട് ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയും രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ലോകത്ത് പല രാജ്യങ്ങളിലും സ്വവർഗ വിവാഹം നിയമവിധേയമാണ്. 50-ഓളം രാജ്യങ്ങളിൽ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഉണ്ട്.