TMJ
searchnav-menu
post-thumbnail

TMJ Daily

ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചു

01 Jun 2023   |   3 min Read
TMJ News Desk

ശ്രീലങ്കയിലെ സെൻട്രൽ ബാങ്ക് മൂന്ന് വർഷത്തിനിടെ ആദ്യമായി പലിശനിരക്ക് വെട്ടിക്കുറച്ചു. ശ്രീലങ്കയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ അയവു വരുന്നതിന്റെ സൂചനയായാണ് പലിശ നിരക്ക് കുറച്ച നടപടിയെന്ന് കരുതപ്പെടുന്നു. 70 ശതമാനത്തിലധികം ഉയർന്ന പണപ്പെരുപ്പം കുറയുകയും സർക്കാരിനുള്ള വരുമാനം ഉയരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.  

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2022 ൽ തെരുവിലിറങ്ങിയ ജനങ്ങൾ പ്രസിഡന്റ് ഗോതബയ രാജപക്‌സയെ നാടു വിടാൻ നിർബന്ധിതമാക്കി. പിന്നീട്, പുതിയ ഗവൺമെന്റ് ജൂലൈയിൽ അധികാരത്തിലേറിയശേഷം 2023 മാർച്ചിൽ, ശ്രീലങ്കക്ക് 3 ബില്യൺ ഡോളർ വായ്പ അന്താരാഷ്ട്ര നാണയനിധി (IMF) അംഗീകാരം നല്കി.

ഒപ്പം, സെപ്തംബറിൽ മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഈ നീക്കങ്ങളിലൂടെ രാജ്യത്തെ പ്രതിസന്ധികൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകുമെന്ന് എഷ്യാ സെക്യൂരിറ്റി സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ ഫെർണാണ്ടോ പറഞ്ഞു.

സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും സ്റ്റാൻഡിംഗ് ലെൻഡിംഗ് ഫെസിലിറ്റി നിരക്കും 15.5%, 16.5% എന്നിവയിൽ നിന്ന യഥാക്രമം 13%, 14% (250 ബേസിസ് പോയിന്റ്) എന്ന നിരക്കിലാണ് കുറച്ചിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. പ്രതിസന്ധിയിൽ നിന്ന് കരകയറുന്നത് ക്രമേണയാണെന്നും ഗവർണർ സെൻട്രൽ ബാങ്ക് ഗവർണർ പി. നന്ദലാൽ വീരസിംഗ പറഞ്ഞു.

2022 ഏപ്രിലിൽ ഡോളറും ശ്രീലങ്കൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് 288 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് പണപ്പെരുപ്പം കുറഞ്ഞെങ്കിലും ബാങ്ക് നിരക്കുകൾ പഴയതുപോലെ തുടരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. പലിശ നിരക്ക് കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സ്റ്റോക് എക്സചേഞ്ച്. കൊളംബോയിലെ പ്രധാന ഉപഭോക്തൃ വില സൂചിക ഏപ്രിലിലെ 35.3 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 25.2% കുറഞ്ഞതിനെ തുടർന്നാണ് നിരക്ക് കുറച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സൂചിക 69.8% വാർഷിക കുതിപ്പിലെത്തിയിരുന്നു. അതേ സമയം ദേശീയ പണപ്പെരുപ്പ നിരക്ക് 33.6% ആയിരുന്നു.

നില മെച്ചപ്പെടുത്തി സാമ്പത്തികവ്യവസ്ഥ

പണപ്പെരുപ്പത്തെ വിജയകരമായി കൈകാര്യം ചെയ്തതോടെ രാജ്യം വളർച്ചയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 7.8% ചുരുങ്ങിയ ആഭ്യന്തര വളർച്ചാ നിരക്ക് ഈ വർഷം 3% ചുരുങ്ങുമെന്നാണ് IMF നിരീക്ഷണം. 2023 അവസാനത്തോടെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഎസ്എൽ പറഞ്ഞു.

ബാങ്കുകൾ വായ്പ നല്കുന്നത് ക്രമേണ വിപുലീകരിക്കുമെന്നും ബിസിനസ്സുകളിലേക്ക് ക്രെഡിറ്റ് നിക്ഷേപം ഉണ്ടാകുമെന്നും അതോടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വീരസിംഹ പറഞ്ഞു. ശ്രീലങ്കയുടെ പണപ്പെരുപ്പം ഈ വർഷം 15.2% ആയി IMF നിശ്ചയിച്ചിട്ടുണ്ടെങ്കിലും സെപ്തംബറോടെ പണപ്പെരുപ്പം ഒറ്റ അക്കത്തിൽ എത്തിക്കാനാണ് സിബിസിഎൽ ലക്ഷ്യമിടുന്നത്.

ദുരിതത്തിലായി ജനങ്ങൾ

51 ബില്യൺ ഡോളർ വായ്പാ കുടിശിക തിരിച്ചടക്കാൻ നിർവാഹമില്ലാതെ രൂക്ഷ പ്രതിസന്ധിയിലൂടെയായിരുന്നു രാജ്യം കടന്നുപോയത്. 2019-ലെ ഭീകരാക്രമണം സൃഷ്ടിച്ച സുരക്ഷാ ആശങ്കളും കോവിഡ് വ്യാപനവും രാജ്യത്തിന്റെ പ്രധാന വരുമാനമായിരുന്ന ടൂറിസം മേഖലയെ സാരമായിത്തന്നെ ബാധിച്ചു. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനത്തോളം ഇടിഞ്ഞു. അതോടെ, പണപ്പെരുപ്പം അനിയന്ത്രിതമായി. ഇറക്കുമതി ചെലവുകൾ കുത്തനെ ഉയർന്നു. മതിയായ വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ, ഇറക്കുമതിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു. ഭക്ഷണ വിലയിൽ ഉൾപ്പെടെ ഇരട്ടിയോളം വർധനയുണ്ടായി. ഇന്ധനവും പാചകവാതകവും, അവശ്യവസ്തുക്കളും കിട്ടാതായതോടെ ജനം സർക്കാരിനെതിരെ തെരുവിലിറങ്ങി. ഇന്ധനത്തിന് മാത്രമല്ല, മരുന്നുകൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമം നേരിട്ടതോടെ, സർക്കാരിനെ താഴെയിറക്കി ജനങ്ങൾ രാജ്യവ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാതാവുകയും ജീവിതം കൂടുതൽ അരക്ഷിതമാകുകയും ചെയ്തതോടെ ജനങ്ങൾ അഭയാർത്ഥികളായി പലായനം തുടങ്ങി. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ജനരോഷം.

50 ശതമാനം പണപ്പെരുപ്പവും, അവശ്യ വസ്തുക്കൾപ്പോലും ലഭ്യമല്ലാത്തതും സാധാരക്കാരുടെ കഷ്ടപ്പാടുകളും മാത്രമാണ് കഴിഞ്ഞ ഒരു വർഷമായി ശ്രീലങ്കയിൽ നിന്നുള്ള വാർത്തകൾ. 12 മണിക്കൂർ വരെ നീളുന്ന പവർ കട്ട്, ആശുപത്രികളിൽ അവശ്യസാധനങ്ങളുടെ ക്ഷാമം, സ്‌കൂൾ പരീക്ഷകൾ നടത്താനുള്ള പേപ്പറിന്റെ അഭാവം, പെട്രോൾ പമ്പുകളിൽ ഇന്ധനം ഇല്ലാത്ത അവസ്ഥ തുടങ്ങിയ അരാജകത്വമാണ് ശ്രീലങ്കയിൽ നിലനിൽക്കുന്നത്. മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ 2019 ൽ അവതരിപ്പിച്ച നികുതി വെട്ടിക്കുറയ്ക്കൽ നയത്തിൽ നിന്ന് തികച്ചും വിപരീതമാണ് ഇപ്പോഴത്തെ സാഹചര്യം. ഈ വർഷം ആദ്യം രാജ്യം പ്രൊഫഷണലുകൾക്ക് 12.5 ശതമാനം മുതൽ 36 ശതമാനം വരെ ആദായനികുതി ഏർപ്പെടുത്തി. ഇന്ധനം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള മറ്റ് നികുതികളും സർക്കാർ ഉയർത്തി. ചൈനയും ഇന്ത്യയുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കയ്ക്ക് സാമ്പത്തിക ഉറപ്പുകൾ ലഭിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിൽ കൂടിയാണ് ഐഎംഎഫ് വായ്പ അനുവദിച്ചത്. എന്നിരുന്നാലും, സാമ്പത്തിക സ്ഥിരതയിലേക്ക് രാജ്യം എത്താനായി ഇനിയും പ്രതിസന്ധികൾ തരണം ചേയ്യേണ്ടതായുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


#Daily
Leave a comment