രാജ്യവിരുദ്ധം: രണ്ടു വര്‍ഷത്തിനിടെ കേന്ദ്രം നിരോധിച്ചത് 150 ലധികം സൈറ്റുകളും യൂട്യൂബ് ചാനലുകളും
രാജ്യവിരുദ്ധമെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് 150 ലധികം വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളുമാണ്. ഐടി ആക്ടിലെ 69A വകുപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് 2021 മെയ് മാസത്തിനു ശേഷമാണ് ഇത്രയും സൈറ്റുകളും ചാനലുകളും നിരോധിച്ചത്.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ചാനലുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ഇതിനൊപ്പം രാജ്യത്തിന്റെ പ്രതിരോധരംഗം, രാജ്യസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് ഭീഷണിയാവുന്ന ഉള്ളടക്കമുള്ള വെബ്‌സൈറ്റുകളും ചാനലുകളും നിരോധിക്കാനാവും. ഈ നിയമം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരത്തില്‍ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും നിരോധിച്ചത്.
പേര് പറയാന്‍ ആഗ്രഹിക്കാത്ത ഐ&ബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതു പ്രകാരം 150 ലധികം വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിരോധിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കബര്‍ വിത്ത് ഫാക്ട്‌സ്, കബര്‍ തായിസ്, ഇന്‍ഫര്‍മേഷന്‍ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്ഥാന്‍, ഹഖീകത് കി ദുനിയ, അപ്‌നി ദുനിയ ടിവി തുടങ്ങിയ ചാനലുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
നിയമലംഘനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ 78 ഓളം യൂട്യൂബ് ചാനലുകളും 560 യൂട്യൂബ് ലിങ്കുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് തുടരുമെന്നും ഠാക്കൂര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡിജിറ്റല്‍ മീഡിയയിലൂടെ ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചിരുന്നു.
രാജ്യസുരക്ഷയ്ക്കായുള്ള നടപടി
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കുന്നത് ഇതാദ്യമായല്ല. നേരത്തെ നിരവധി ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 300 ലധികം ചൈനീസ് ആപ്പുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 (എ) പ്രകാരമാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2020 ല്‍ ടിക്ടോക്ക്, ഷെയര്‍ ഇറ്റ്, വീചാറ്റ്, ഹെലോ, യുസി ന്യൂസ്, ബിഗോ ലൈവ് ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്പുകള്‍ക്കാണ് കേന്ദ്രം നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്നതിന് പുറമെ രാജ്യത്തിന്റെ പ്രതിരോധത്തിനും സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയത്.
ഭീഷണിയാകുന്ന ആപ്പുകള്‍
ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം ആപ്പുകള്‍ വഴി ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, ഇത്തരം ആപ്പുകള്‍ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണങ്ങളും ശക്തമായിരുന്നു. മുഴുവന്‍ വായ്പയും തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍, ഈ ആപ്പുകളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിനു പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങള്‍ അയച്ച് അപമാനിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക നീക്കം.