
കേന്ദ്ര ഗ്രാന്‍ഡിന് കുറവൊന്നുമില്ല; എന്നിട്ടും ഗുജറാത്തില്‍ തൊഴില്‍ കുറയുന്നു
ഗുജറാത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സബ്‌സിഡികളും കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്‍ഡുകളും വര്‍ദ്ധിച്ചുവെങ്കിലും പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ സ്‌കീമില്‍ (പിഎംഇജിഎസ്) തൊഴില്‍ അവസരങ്ങള്‍ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ പദ്ധതി പ്രകാരം 2021-22-ലെ മഹാമാരിക്കാലത്തില്‍ സംസ്ഥാനത്ത് 33,144 ജോലികള്‍ സൃഷ്ടിച്ചു. എന്നാല്‍ അത് 2023-24-ല്‍ 24,000 ആയി കുത്തനെ ഇടിഞ്ഞു. ഇത് സുസ്ഥിര തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ച സൃഷ്ടിക്കുന്നതില്‍ പദ്ധതിയുടെ കാര്യക്ഷമതയെക്കുറിച്ച് ആശങ്ക ഉളവാക്കുന്നു.
2021-22-ല്‍ പിഎംഇജിഎസ് പ്രകാരം ഗുജറാത്തിന് 28,704.84 ലക്ഷം രൂപ ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ കാണിക്കുന്നു. ഈ സബ്‌സിഡി 4,143 യൂണിറ്റുകള്‍ക്ക് ലഭിക്കുകയും ഏകദേശം 33,144 യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
2022-23-ല്‍ സബ്‌സിഡി വിതരണം 24,182.62 ലക്ഷം രൂപയായി കുറഞ്ഞു. 3,072 യൂണിറ്റുകള്‍ക്ക് നേട്ടം ഉണ്ടാകുകയും 24,568 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. മഹാമാരിക്കുശേഷമുള്ള സമ്പദ് വ്യവസ്ഥയെ സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സബ്‌സിഡിയില്‍ കുറവ് വന്നത്.
എന്നാല്‍, 2023-24-ല്‍ സബ്‌സിഡി കുതിച്ചുയര്‍ന്നു. 32,124.58 ലക്ഷം രൂപയാണ് ലഭിച്ചത്. സഹായം ലഭിച്ച യൂണിറ്റുകളുടെ എണ്ണവും തൊഴിലും അതിന് അനുസരിച്ച് വര്‍ദ്ധിച്ചില്ലെന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളേക്കാള്‍ കുറയുകയും ചെയ്തു. 3000 യൂണിറ്റുകള്‍ക്ക് സഹായം ലഭിക്കുകയും 24,000 ജോലികള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഉയര്‍ന്ന സബ്‌സിഡി ലഭിച്ചിട്ടും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് കുറഞ്ഞത് പദ്ധതിയുടെ കാര്യക്ഷമതയെക്കുറിച്ച് സംശയം ഉണര്‍ത്തുന്നു.