
ഭര്‍തൃബലാല്‍സംഗം ക്രിമിനല്‍ കുറ്റമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഭര്‍ത്താവ് ഭാര്യയെ ബലമായ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇത് ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കല്‍പത്തെ തന്നെ തകര്‍ക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കേന്ദ്രത്തിന്റെ മറുപടി.
ഭര്‍തൃബലാത്സംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്നോടിയായി വിപുലമായ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ഈ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വിവാഹ ബന്ധത്തില്‍ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അനുയോജ്യമായ മറ്റ് ശിക്ഷാ നടപടികള്‍ നിലവിലുണ്ട്. സമ്മതമില്ലാതെയുള്ള ഏതൊരു പ്രവര്‍ത്തിക്കും വിവാഹത്തിനകത്തും പുറത്തും വ്യത്യസ്തമായ ശിക്ഷയാണ് നല്‍കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.
ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍, മറ്റ് ബലാത്സംഗ കേസുകളില്‍ സ്വീകരിക്കുന്ന കര്‍ശന നിയമ നടപടികള്‍ ഈ വിഷയത്തിലും സ്വീകരിച്ചാല്‍ അത് വൈവാഹിക ബന്ധത്തെ അസ്ഥിരപ്പെടുത്തുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികള്‍ക്കെതിരായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നും വേണ്ടെന്നുമുള്ള വിവിധ ഹര്‍ജികളില്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്.