TMJ
searchnav-menu
post-thumbnail

കെ എന്‍ ബാലഗോപാല്‍ | PHOTO: PTI

TMJ Daily

കേരളത്തോടുള്ള കേന്ദ്ര നിലപാട് നീതിപീഠത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ 

23 Feb 2024   |   1 min Read
TMJ News Desk

കേരളത്തിന് സ്വാഭാവികമായി കിട്ടേണ്ട 13,609 കോടി രൂപയും കേന്ദ്രം പിടിച്ചുവയ്ക്കുന്നത് കേരളത്തിന്റെ ഭാഗത്താണ് നീതിയെന്ന് അവര്‍ക്ക് വ്യക്തതയുള്ളതുകൊണ്ടാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഈ പണം തരണമെങ്കില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണം എന്നതായിരുന്നു കേന്ദ്ര നിലപാട്. ഇത് നീതിപീഠത്തോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ 19ന് സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴും പണം കൊടുക്കാനുണ്ടെന്നും ഹര്‍ജി പിന്‍വലിച്ചാലേ പണം നല്‍കൂ എന്ന വിചിത്ര നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഓരോ വ്യക്തിക്കും തന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ടെന്നത് കേന്ദ്രം മറക്കരുതെന്നും ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു

തുകയുടെ കാര്യത്തില്‍ ഒരു തര്‍ക്കവും കേന്ദ്രത്തിനില്ല. കേസ് പിന്‍വലിച്ചാലേ പണം നല്‍കൂ എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കി ശ്വാസംമുട്ടിക്കാനുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. ആളെ ബന്ദിയാക്കി കരാര്‍ ഒപ്പിടുവിക്കുന്നത് കവലച്ചട്ടമ്പിയുടെ രീതിയാണെന്നും വര്‍ഷാവസാനത്തെ ചിലവുകള്‍ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. കിട്ടുന്നതുവാങ്ങി നിശ്ശബ്ദരായി ഇരിക്കാന്‍ പറഞ്ഞാല്‍ അതിന് കേരളത്തെ കിട്ടില്ലെന്നും കര്‍ണാടക, ബംഗാള്‍, കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, തമിഴ്നാട്, മേഘാലയ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനു പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കോടതിയിലേക്ക് പോകത്തക്ക തരത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മില്‍ ഒരു തര്‍ക്കമുണ്ടാകുന്നത് അപൂര്‍വമായ സംഭവമാണ്. തര്‍ക്കപരിഹാരത്തിന് പല മാര്‍ഗങ്ങള്‍ തേടിയ ശേഷമാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഊര്‍ജ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി കടമെടുക്കാന്‍ അനുവദിച്ച 4,866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയത് മൂലം കടമെടുപ്പില്‍ കുറച്ച 4,323 കോടി, കഴിഞ്ഞവര്‍ഷത്തെ വായ്പാനുമതിയില്‍ ബാക്കിനില്‍ക്കുന്ന 1,877 കോടി, പുനര്‍വായ്പാ (റീപ്ലെയ്സ്മെന്റ് ലോണ്‍) ഇനത്തിലെ 2,543 കോടി എന്നിങ്ങനെയാണു 13,609 കോടി കേരളത്തിനു ലഭിക്കാനുള്ളത്.


#Daily
Leave a comment