
മണിപ്പൂര്‍ രാഷ്ട്രപതി ഭരണ പ്രമേയം കേന്ദ്രം അവതരിപ്പിച്ചത് പുലര്‍ച്ചെ 2ന്
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിച്ചത് ഇന്ന് പുലര്‍ച്ചെ 2 മണിക്ക്. ഇന്നലെ ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനുമേലുള്ള 12 മണിക്കൂറില്‍ അധികം നീണ്ട മാരത്തോണ്‍ ചര്‍ച്ച ചെയ്ത് പാസാക്കിയശേഷമാണ് ഷാ മണിപ്പൂര്‍ പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് 40 മിനിട്ട് ചര്‍ച്ചയ്ക്കുശേഷം സഭ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി.
പ്രതിപക്ഷത്തുനിന്ന് എട്ട് എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഷാ മറുപടി പറയുകയും ചെയ്തു.
മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്നും എന്നാല്‍ അത് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി ഉപയോഗിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തങ്ങളുടെ ജോലി ചെയ്തില്ലെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിര്‍ണായകമായ തീരുമാനമൊന്നും എടുത്തില്ലെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാന നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി രാജിവച്ചതിനുശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും അതില്‍ സംസ്ഥാന ഭരണകൂടം തോല്‍ക്കുമെന്ന് കണ്ടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും തരൂര്‍ പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രിയും സംസ്ഥാനം സന്ദര്‍ശിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് മാസമായി വലിയ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഷാ പറഞ്ഞു. സര്‍ക്കാര്‍ കലാപത്തെ തെറ്റായി കൈകാര്യം ചെയ്തുവെന്ന ആരോപണം ഷാ തള്ളി.